Environment

തീരം തൊടാത്ത കടല്‍; എന്താണ് ‘സര്‍ഗാസോ’ ഒളിപ്പിക്കുന്ന രഹസ്യങ്ങള്‍! | the landless sea; What are the secrets of ‘Sargasso’!

കൊളംബസിനെ പോലും ഭയപ്പെടുത്തിയ ഈ കടല്‍ ഇന്നും ഗവേഷകരെ വിസ്മയിപ്പിക്കുന്ന ഒന്നാണ്

കടൽ തീരങ്ങളിൽ പോയിരുന്ന് കടലിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. എന്നാൽ തീരമില്ലാത്ത കടലുകളെ കുറിച്ച് കേട്ടിട്ടുണ്ടോ… അതാണ് സര്‍ഗാസോ കടല്‍.. കൊളംബസിനെ പോലും ഭയപ്പെടുത്തിയ ഈ കടല്‍ ഇന്നും ഗവേഷകരെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കിഴക്കുഭാഗത്തായാണ് ഈ അദ്ഭുത സ്ഥലം സ്ഥിതി ചെയ്യുന്നത്. തീരത്തേക്ക് ഈ കടലിനെ അടുപ്പിക്കാത്തത് വളരെ ശക്തമായി ഉള്ളിലേക്കൊഴുകുന്ന നാല് ജല പ്രവാഹങ്ങളാണ്. കിഴക്കന്‍ അറ്റ്‌ലാന്റിക്, കാനറി, ഇക്വറ്റോറിയല്‍, ആന്റില്‍സ് എന്നറിയപ്പെടുന്ന ഈ നാല് പ്രവാഹങ്ങളും ചേര്‍ന്ന് ശക്തമായി ഉള്ളിലേക്ക് ഒഴുകുന്നതിനാല്‍ സര്‍ഗാസോയ്ക്ക് വൃത്താകൃതിയിലുള്ള ഒരു ആകാരമാണ് രൂപപ്പെട്ടിരിക്കുന്നത്. അതുമൂലം ഈ കടല്‍ ഒരു ചെറിയ തടാകം പോലെ ആയിത്തീര്‍ന്നു എന്ന് പറയുന്നതാകും ശരി.

ഇവിടെ അകപ്പെട്ടുന്ന വസ്തുക്കളും സാധാരണ കടല്‍ത്തീരത്തേക്ക് പുറന്തള്ളപ്പെടാറില്ല ഇവിടെ തന്നെ അടിയുകയാണ് പതിവ്. അതും ഈ പ്രവാഹങ്ങളുടെ സ്വഭാവം മൂലമാണ്. കൂടാതെ സര്‍ഗാസോ കടലിന്റെ മറ്റൊരു സവിശേഷത, അല്‍പ്പം ദുര്‍ഗന്ധമുള്ള സര്‍ഗാസം എന്ന കടല്‍പ്പായല്‍ കൊണ്ടുള്ള ഒരു പുതപ്പാണ്. ഇത് ഇവിടെ മാത്രമാണ് ഇത്രയും വളരുന്നത്. ഇതും അറ്റ്‌ലാന്റികിലെ മാലിന്യങ്ങള്‍ മുഴുവന്‍ സര്‍ഗാസോയില്‍ തന്നെ അടിയുന്നതിന് കാരണമാകുന്നു. 1492ലാണ് സാഹസിക സഞ്ചാരി കൊളംബസ് സര്‍ഗാസോയെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തുന്നത്. മേല്‍പ്പുതപ്പുപോലെ അടിഞ്ഞിരിക്കുന്ന സര്‍ഗാസം പായലിനിടയില്‍ തങ്ങളുടെ കപ്പല്‍ കുടുങ്ങിപ്പോയേക്കുമോ എന്ന് അദ്ദേഹവും നാവികരും വല്ലാതെ ഭയപ്പെട്ടിരുന്നു. കൂടാതെ പായ്ക്കപ്പലില്‍ യാത്ര ചെയ്യുന്നവരും പേടിയോടെയാണ് ഈ ഭാഗത്തെ കണ്ടിരുന്നത്. ഇവിടെ കാറ്റുകളുടെ ദിശ പ്രവചനാതീതമായിരിക്കും എന്നത് തന്നെയായിരുന്നു കാരണം. നിരവധി ദുരൂഹതകള്‍ ചുറ്റിപ്പറ്റി നില്‍ക്കുന്ന ബര്‍മുഡ ട്രെയാംഗിളിന്റെ ഒരു ഭാഗം സര്‍ഗാസോയുടെ പരിധിക്കുള്ളില്‍ വരുന്നതാണ്. കാലങ്ങളായി ഈ പ്രദേശത്ത് വിമാനങ്ങളും കപ്പലുകളും അപ്രത്യക്ഷമാകാറുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങളും സര്‍ഗാസോയിലെ പ്രവാഹങ്ങളും തമ്മില്‍ ബന്ധമുണ്ടാകിനിടയുണ്ടെന്നാണ് ചില ഗവേഷകരുടെ പക്ഷം.

പലതരം പ്രശ്‌നങ്ങളും ദുരൂഹതകളും ഈ സമുദ്രമേഖലയെ ചുറ്റിപ്പറ്റിയുണ്ടെങ്കിലും ഇവിടെ സമ്പന്നമായ ഒരു സമുദ്ര ഇക്കോസിസ്റ്റം തന്നെയുണ്ട്, വംശനാശ ഭീഷണി നേരിടുന്ന വിവിധയിനം കടല്‍ജീവികളുടെ ആവാസസ്ഥാനവും അഭയസങ്കേതവുമാണ് സര്‍ഗാസോ. ഒരു പക്ഷേ മനുഷ്യന്റെ സാന്നിധ്യം അധികമെത്താത്ത പ്രദേശമായതുകൊണ്ടാവാം സര്‍ഗാസോ ഇത്തരം ഈവികളുടെ അഭയകേന്ദ്രമായി മാറിയത്. വിവിധയിനം ഈല്‍ മത്സ്യങ്ങളും ഹംബാക്ക് തിമിംഗലങ്ങളും ട്യൂണ മത്സ്യങ്ങളും ഇവിടെ അധിവസിക്കുന്നു. സര്‍ഗാസോയുടെ പാരിസ്ഥിതിക സവിശേഷതകള്‍ മൂലം മലിന്യങ്ങള്‍ ഇവിടെ തന്നെ അടിഞ്ഞുകൂടാറാണ് പതിവ് . ഇതുമൂലം അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ കുപ്പത്തൊട്ടിയായി തീര്‍ന്നിരിക്കുകയാണ് ഇവിടം. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഒരു ദ്വീപ് തന്നെ ഇവിടെ രൂപപ്പെട്ടിരിക്കുകയാണ്. അടുത്തിടെ പുറത്തുവന്ന പഠനങ്ങള്‍ ആശങ്കാജനകമായ വസ്തുതകളാണ് പുറത്തുകൊണ്ടുവരുന്നത്. സര്‍ഗാസോയുടെ സ്ഥിതിയില്‍ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഇടയ്ക്കിടെ താപനില ഉയരുന്നതും അമ്ലതയില്‍ മാറ്റം സംഭവിക്കുന്നതും അറ്റ്‌ലാന്റികിനെ തന്നെ മാറ്റിമറിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ശാസ്ത്രലോകം.

STORY HIGHLLIGHTS:  the-landless-sea-what-are-the-secrets-of-sargasso