Health

ദഹനപ്രശ്‌നങ്ങൾ മുതൽ മുടിയ്ക്കും ചർമ്മത്തിനും വരെ; നെല്ലിക്കയ്ക്ക് ഇത്രയേറെ ഗുണങ്ങളോ ? | know-the-health-benefits-of-amla-gooseberry

വിറ്റാമിൻ സിയുടെ ഒരു സമൃദ്ധമായ ഉറവിടമാണ് നെല്ലിക്ക

നെല്ലിക്ക എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം കയ്പ്പും പിന്നെ മധുരവുമാണ് എല്ലാവരുടെയും മനസ്സിലേക്ക് എത്തുക. പോഷകങ്ങളുടെ കലവറയാണ് ഈ നെല്ലിക്ക അഥവാ ഇന്ത്യന്‍ ഗൂസ്ബെറി. ജീവകം സി ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക. ഓറഞ്ചില്‍ ഉള്ളതിന്‍റെ ഇരുപത് ഇരട്ടി കൂടുതല്‍ ജീവകം സിയുടെ അംശം നെല്ലിക്കയിൽ ഉണ്ട്. നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടിൽ പാരമ്പര്യമായി ഉപയോഗിച്ചുവരുന്നു. വൈറൽ അണുബാധയ്‌ക്കെതിരെ പോരാടുന്നതിനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും നെല്ലിക്ക ബെസ്റ്റാണെന്ന് പറയേണ്ടതില്ലല്ലോ…

ജലദോഷം ഒഴിവാക്കാൻ

വിറ്റാമിൻ സിയുടെ ഒരു സമൃദ്ധമായ ഉറവിടമാണ് നെല്ലിക്ക. ദിവസേനയുള്ള ജലദോഷവും മൂക്കൊലിപ്പും തടയുന്നതിന് നെല്ലിക്ക സഹായിക്കുന്നു. നെല്ലിക്കയിൽ അടങ്ങിയ വിറ്റാമിൻ സി ശരീരം കൂടുതൽ എളുപ്പത്തിൽ ആഗിരണം ചെയ്യും. ദിവസവും ഓരോ നെല്ലിക്ക കഴിക്കുന്നത് നിത്യയ്യൌവനം പ്രധാനം ചെയ്യുമെന്നാണ് പറയുന്നത്.

പ്രതിരോധശേഷി കൂട്ടാന്‍

എണ്ണിയാല്‍ ഒടുങ്ങാത്തതാണ് നെല്ലിക്കയുടെ ഗുണങ്ങള്‍. ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ, രേതസ് തുടങ്ങിയ ഗുണങ്ങൾ ഉണ്ടെന്നാണ് ആയൂര്‍വേദം വ്യക്തമാക്കുന്നത്. ഇവ നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാന്‍ സഹായിക്കും. ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കാന്‍ നെല്ലിക്ക നല്ലതാണെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

ചർമ്മത്തിനും മുടിക്കും

സൌന്ദര്യ സംരക്ഷണത്തിന് ഏറെ നല്ലതാണ് നെല്ലിക്ക. ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്താനും വാർദ്ധക്യത്തെ മന്ദഗതിയിലാക്കാനും സഹായിക്കും. ചർമ്മത്തിന്‍റെ യുവത്വം നിലനിർത്തുവാൻ സഹായിക്കുന്ന പഴങ്ങളിൽ ഒന്നാണ് നെല്ലിക്ക. നെല്ലിക്കയുടെ ഇലകൾ അരച്ച് തലയിൽ പുരട്ടുന്നത് താരൻ തടയാൻ സഹായിക്കുന്നു. നെല്ലിക്ക മുടിയുടെ സ്വാഭാവിക വളർച്ച മെച്ചപ്പെടുത്താനും സഹായിക്കും.

ഹൃദയാരോഗ്യത്തിന് ഉത്തമം

ഹൃദയ ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ നെല്ലിക്കയുടെ പൊടിക്ക് കഴിയും. ഇന്ത്യൻ നെല്ലിക്കയുടെ സത്ത് 12 ആഴ്ച തുടർച്ചയായി കഴിക്കുന്നത് ശരീരത്തിൽ കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ അഥവാ മോശം കൊളസ്ട്രോൾ, മൊത്തത്തിലുള്ള കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെ അളവ് കുറയ്ക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ദഹന പ്രശ്നങ്ങൾക്ക്

നാരുകളുടെ കലവറയാണ് നെല്ലിക്ക. നാരുകൾ ഭക്ഷണം നന്നായി ദഹിപ്പിക്കാൻ സഹായിക്കുന്നു. ഇത് മലബന്ധം ഒഴിവാകുന്നതിന് സഹായകമാകുന്നു. നെഞ്ചെരിച്ചിലിന്‍റെ കാഠിന്യവും ആവൃത്തിയും കുറയ്ക്കുന്നതിന് നാല് ആഴ്ച നെല്ലിക്കയുടെ സത്ത് കഴിക്കുന്നത് സഹായിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

ഇനി കുറച്ച് നെല്ലിക്ക പൊടിക്കൈകള്‍ നോക്കാം

  • ഹൈപ്പർ അസിഡിറ്റിക്ക് ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നെല്ലിക്കാചൂർണം
  • പശുവിൻ നെയ്യിൽ കലർത്തി കഴിച്ചാൽ ഹൈപ്പർ അസിഡിറ്റിക്ക് ശമനം ലഭിക്കും.
  • നെല്ലിക്ക അരിക്കാടിയിൽ ചേർത്ത് അടിവയറ്റിൽ പുരട്ടിയാൽ മൂത്രതടസ്സം മാറികിട്ടും.
  • നെല്ലിക്കാനീര് വിധിപ്രകാരം എള്ളെണ്ണയിൽ കാച്ചി തലയിൽ തേച്ചുകുളിച്ചാൽ
  • മുടികൊഴിച്ചിൽ ശമിക്കും. അകാലനരയെ പ്രതിരോധിക്കുവാനും ഇത് നല്ലതാണ്.
  • ഉണങ്ങിയ നെല്ലിക്കത്തോട് പൊടിച്ച് ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം തലയിൽ തേച്ചുകുളിക്കുന്നത് തലയിലെ ചർമ രോഗങ്ങള്‍ക്ക് പരിഹാരമാകും.
  • നെല്ലിക്ക ചേർത്ത് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ കുളിക്കുന്നത് ചർമത്തിലെ ചുളിവുകളകറ്റി നവോൻമേഷം നൽകും.
  • നെല്ലിക്കാ നീരും അമൃതിന്‍റെ നീരും 10 മില്ലീലിറ്റർ വീതം എടുത്ത് അതിൽ ഒരു ഗ്രാം പച്ചമഞ്ഞളിന്‍റെ പൊടിയും ചേർത്ത് ദിവസവും രാവിലെ കഴിച്ചാൽ പ്രമേഹം നിയന്ത്രണ വിധേയമാകും.
  • നെല്ലിക്ക ശർക്കര ചേർത്ത് സ്ഥിരമായി കഴിച്ചാൽ ശരീരവേദന, ബലക്ഷയം, വിളർച്ച എന്നിവ മാറും.
  • നെല്ലിക്ക, മുന്തിരി എന്നിവ ചേർത്തരച്ച് കഴിച്ചാൽ രുചിയില്ലായ്മ മാറികിട്ടും.
  • നെല്ലിക്കയുടെ നീര് അരിച്ചെടുത്ത് തേനിൽ ചേർത്ത് കണ്ണിൽ പുരട്ടുന്നത് കണ്ണുകളിലെ പഴുപ്പ് ഒഴിവാക്കുന്നതിന് ഇത് ഫലപ്രദമാണ്.

content highlight: know-the-health-benefits-of-amla-gooseberry