കോഴിക്കോട് ജില്ല പൊതുവെ ഭക്ഷണത്തിന്റെ പേരിലാണ് നിങ്ങൾക്ക് അറിയുന്നതെങ്കിൽ അങ്ങനെ മാത്രമല്ല ഇവിടെ കണ്ടിരിക്കേണ്ട അതിമനോഹരമായ നിരവധി സ്ഥലങ്ങളുമുണ്ട്. അത്തരത്തിൽ കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന സ്ഥലങ്ങളിൽ ഒന്നാണ് കരിയാത്തുംപാറ. കക്കയം ഡാമിന്റെ താഴ്വാരത്താണ് കരിയാത്തുംപാറ സ്ഥിതിചെയ്യുന്നത്. കോഴിക്കോട് നഗരത്തിൽ നിന്ന് 45 കിലോമീറ്റർ അകലെ കൂരാച്ചുണ്ട് പഞ്ചായത്തിലായാണ് കരിയാത്തുംപാറയുടെ സ്ഥാനം. കക്കയം ഡാമിലേക്ക് പോവുന്ന വഴിയിലായതിനാൽ രണ്ട് പ്രദേശങ്ങളിലേക്കുമായി നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. മലബാറിന്റെ തേക്കടി, മലബാറിന്റെ ഊട്ടി എന്നീ പേരുകളിലാണ് കരിയാത്തുംപാറ അറിയപ്പെടുന്നത്. കശ്മീരിൽ നിന്ന് ആരോ പറിച്ചെടുത്ത ഒരു ഭാഗം കേരളത്തിൽ കൊണ്ടുവച്ചതുപോലെയാണ് കരിയാത്തുംപാറ. പച്ചപ്പും, തെളിനീരുറവയായ അരുവിയും അതിന് അഭിമുഖമായി കക്കയം ഡാമിന്റെ സ്‌പിൽവേ കാഴ്‌ചകളുമായി മനോഹരമാണ് ഇവിടം.
മലയിറങ്ങി വന്ന് തേയ്മാനം സംഭവിച്ച ഉരുളൻകല്ലുകൾ തെളിഞ്ഞവെള്ളത്തിൽ മുങ്ങിക്കിടക്കുന്നത് കാണാം. അവയ്ക്കിടയിലൂടെ നീന്തിക്കളിക്കുന്ന വർണ മത്സ്യങ്ങൾ. അതിമനോഹരമായ പുൽമേടുകളും കാഴ്ചയുടെ ഭംഗി കൂട്ടുന്ന ക്രിസ്മസ് ട്രീ പോലുള്ള നീളൻ മരങ്ങളും. കാനനഭംഗിയും കക്കയം മലനിരകളുടെ വശ്യസൗന്ദര്യവുമെല്ലാം ആസ്വദിച്ച് കരിയാത്തുംപാറയിലെത്തിയാൽ ഇവിടെ നിന്ന് തിരിച്ചുപോകാനേ തോന്നില്ല. ഒരിക്കലെങ്കിലും കോഴിക്കോട് വരുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഈ സ്ഥലം കണ്ടിരിക്കണം.