ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാർ എന്ന വിശേഷണത്തോടെ വിപണിയിൽ എത്തിയ നാനോ കാർ തിരിച്ചുവരവിന് ഒരുങ്ങുന്നു. അന്തരിച്ച രത്തൻ ടാറ്റയുടെ സ്വപ്‌നത്തിന്റെ ചുവടുപിടിച്ച് ഒരിക്കൽ കൂടി ഈ കുഞ്ഞൻ കാർ വിപണിയിലേക്ക് എത്തുകയാണെന്നാണ് റിപ്പോർട്ടുകൾ. പിൻഗാമിയായി നോയൽ ടാറ്റ ചുമതലയേറ്റ ശേഷമുള്ള ആദ്യ റിപ്പോർട്ടുകളിൽ ഒന്നാണ് ഇത്. ആധുനിക രീതിയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന രീതിയിൽ ആണ് ടാറ്റാ മോട്ടോർസ് പുതിയ മോഡൽ പുറത്തിറക്കാൻ പോകുന്നത് എന്നാണ് വിവരം. നവീകരിച്ച 624 സിസി പെട്രോൾ എഞ്ചിനായിരിക്കും പുതിയ ടാറ്റ നാനോയ്ക്ക്. മണിക്കൂറിൽ 105 കിലോമീറ്റർ വേഗതയുള്ള നാനോ നഗര റോഡുകൾക്കും അനുയോജ്യമാണ്. നവീകരിച്ച പവർ വിൻഡോകൾ, എയർ കണ്ടീഷനിംഗ്, ആധുനിക മ്യൂസിക് സിസ്റ്റം എന്നിവയും കാറിലുണ്ടാകും. വെറും 2.5 ലക്ഷം രൂപ വിലയിൽ തുടങ്ങുന്ന നാനോകാർ ഇന്ത്യയിൽ സാധാരണക്കാരന്റെ കാർ എന്ന സ്വപ്നം യാഥാർഥ്യമാക്കും.