എലിസബത്ത് രാജ്ഞിയുടെ വിവാഹത്തിന് അതിഥികള്‍ക്ക് വിളമ്പിയ കേക്ക് 80 വര്‍ഷങ്ങള്‍ക്കിപ്പുറം 2200 യൂറോയ്ക്ക് ലേലത്തില്‍ വിറ്റു. ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും തമ്മില്‍ 1947 നവംബര്‍ 20ന് നടന്ന വിവാഹത്തിന് വിളമ്പിയ കേക്കാണ് 80 വര്‍ഷങ്ങള്‍ക്കിപ്പുറം ലേലത്തില്‍ വിറ്റു പോയത്.1947 നവംബര്‍ 20ന് വെസ്റ്റ് മിനിസ്റ്റര്‍ ആബിയിലെത്തിയ അതിഥികള്‍ക്ക് വിളമ്പിയ കേക്കിന്റെ ഒരു കഷ്ണമാണ് 2 ലക്ഷം രൂപയ്ക്ക് (2200 യൂറോ) വിറ്റു പോയത്. സ്‌കോട്‌ലന്‍ഡിലെ ഒരു വീട്ടിലെ കട്ടിലിനടിയില്‍ നിന്നാണ് കേക്കിന്റെ ഒരു കഷണം കണ്ടെത്തിയത്.
500 യൂറോ(54000 രൂപ) ആയിരുന്നു ലേലത്തില്‍ കേക്ക് കഷണത്തിന്റെ മതിപ്പുവില. കേക്ക് കഷണം ഇനി കഴിക്കാനാകില്ലെങ്കിലും വളരെ സൂക്ഷ്മമായി അതിന്റെ യഥാര്‍ത്ഥ ബോക്‌സിലായിരുന്നു സൂക്ഷിച്ചിരുന്നത്. ചൈനയില്‍ നിന്നുള്ള ആളാണ് കേക്കിന്റെ കഷണം ലേലത്തില്‍ വാങ്ങിയത്.
എഡിന്‍ബര്‍ഗിലെ ഹോളിറൂഡ് ഹൌസിലെ ഹൌസ് കീപ്പറായ മാരിയണ്‍ പോള്‍സണിണിന്റെ സേവനങ്ങള്‍ക്കുള്ള നന്ദി സൂചകമായി സമ്മാനമായാണ് ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്നും രാജകീയ ദമ്പതികളുടെ പ്രത്യേക സമ്മാനമായി കേക്ക് കഷണം അയച്ചു കൊടുത്തത്. 1980ല്‍ മരിക്കുന്നതു വരെ മാരിയണ്‍ പോള്‍സണ്‍ കേക്ക് കഷണം സൂക്ഷിച്ചു വച്ചു. മാരിയന്‍ പോള്‍സിന്റെ കട്ടിലിനടിയില്‍ നിന്നാണ് കേക്കിന്റെ കഷണം കണ്ടെത്തിയത് അതിനോടൊപ്പം തന്നെ എലിസബത്ത് രാജ്ഞി പോള്‍സണിനെഴുതിയ ഒരു കത്തും കണ്ടെത്തിയിരുന്നു. പോള്‍സണിന്റെ ഡെസേര്‍ട്ട് സര്‍വീസിനെ പ്രശംസിച്ചു കൊണ്ടുള്ള കത്ത് ആയിരുന്നു അത്. പോള്‍സണിന്റെ സേവനങ്ങളില്‍ ഇരുവരും വളരെയധികം സന്തോഷിക്കുന്നെന്ന് രാജ്ഞി കത്തിലെഴുതി.
കത്തിലെ വരികള്‍ ഇങ്ങനെയായിരുന്നു , ”ഇത്രയും സന്തോഷകരമായ ഒരു വിവാഹ സമ്മാനം ഞങ്ങള്‍ക്ക് നല്‍കുന്നതില്‍ നിങ്ങള്‍ പങ്കുചേര്‍ന്നു എന്നറിഞ്ഞതില്‍ ഞാനും എന്റെ ഭര്‍ത്താവും വളരെയധികം സന്തുഷ്ടരാണ്. നിങ്ങളുടെ ഡെസേര്‍ട്ട് സര്‍വ്വീസ്, ഞങ്ങളെ രണ്ടുപേരെയും അതിഥികളെയും വളരെയധികം ആകര്‍ഷിച്ചു.’
എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും യഥാര്‍ത്ഥ വിവാഹ കേക്കിന് ഒമ്പത് അടിയോളം പൊക്കമുണ്ടായിരുന്നു. നാല് ലെയറുകളുള്ള കേക്ക് ദീര്‍ഘകാലം സൂക്ഷിച്ചു വെയ്ക്കുന്നതിനായി ആള്‍ക്കഹോള്‍ ചേര്‍ത്തായിരുന്നു ഉണ്ടാക്കിയത്. അഞ്ചു വര്‍ഷത്തിനുശേഷം 1952 ഫെബ്രുവരി ആറിന് കിംഗ് ജോര്‍ജ് ആറാമന്റെ മരണത്തെ തുടര്‍ന്ന് എലിസബത്ത് ഇംഗ്‌ളണ്ടിന്റെ രാജ്ഞിയായി സ്ഥാനാരോഹണം നടത്തി.