ദീർഘദൂരയാത്രയ്ക്കായി ട്രെയിനുകളെ ആശ്രയിക്കുന്നവരാണ് സാധാരണക്കാർ. താരതമ്യേന കുറഞ്ഞ ചിലവിൽ സൗകര്യപ്രദമായി ലക്ഷ്യസ്ഥാനത്ത് എത്താം എന്നത് കൊണ്ട് തന്നെ ട്രെയിനുകൾ സൂപ്പർഹിറ്റാണ്. സാധാരണ പാസഞ്ചർ ട്രെയിനുകളും,എക്‌സ്പ്രസ് ട്രെയിനുകളും മെമുകളും വന്ദേഭാരതും നമ്മുടെ റെയിലുകളിലൂടെ തലങ്ങും വിലങ്ങും പോകുന്നു. ഇനി ഇതാ അതിവേഗം കുതിച്ചുപായുന്ന ബുള്ളറ്റ് ട്രെയിനായി കാത്തിക്കുകയാണ് ആളുകൾ. ഇത്രയൊക്കെ ട്രെയിനുകളെ കുറിച്ചറിയുന്ന നിങ്ങൾക്ക് രാജ്യത്ത് സൗജന്യമായി സർവ്വീസ് നടത്തുന്ന ട്രെയിനിനെ കുറിച്ച് അറിയാമോ? എല്ലാ ദിവസവും സർവ്വീസ് നടത്തുന്ന ഒരു രൂപപോലും ടിക്കറ്റിനായി വേണ്ടാത്ത ടിടിഇ പോലും ഇല്ലാത്ത ട്രെയിൻ.
കഴിഞ്ഞ 75 വർഷമായി ഇത്തരത്തിലൊരു ട്രെയിൻ സർവ്വീസ് നമ്മുടെ രാജ്യത്ത് ഉണ്ട്. ഭക്രാ-നംഗൽ ട്രെയിൻ എന്നാണ് ഈ സൗജന്യ ട്രെയിനിന്റെ പേര്. പഞ്ചാബിന്റെയും ഹിമാചലിന്റെയും അതിർത്തികളിലൂടെ ഭക്രയ്ക്കും നംഗലിനും ഇടയിലാണ് ഈ ട്രെയിൻ സർവ്വീസ്. ശിവാലിക് മലനിരകളിലൂടെ സഞ്ചരിക്കുന്ന ട്രെയിൻ സത്‌ലുജ് നന്ദി മുറിച്ചുകടന്നാണ് പോകുന്നത്. 25 ഗ്രാമങ്ങൾ ചുറ്റിപോകുന്ന ഈ സർവ്വീസിൽ ഏകദേശം മുന്നൂറോളം ആളുകൾ ഈ ട്രെയിനിനെ ആശ്രയിക്കുന്നു. 27.3 കിലോമീറ്റർ മാത്രം ദൂരം വരുന്ന ഈ സർവ്വീസിനെ കൂടുതലും ഉപയോഗപ്പെടുത്തുന്നത് തൊഴിലാളികളും ഇവിടുത്തെ സ്‌കൂൾ കോളേജ് വിദ്യാർത്ഥികളുമാണ്.
30 മിനിറ്റ് സമയമാണ് ഇത്രയും ദൂരം പിന്നിടാൻ ആവശ്യം.എല്ലാദിവസവും രാവിലെ 7.05-ന് നംഗൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 8.20-ന് ഭക്രയിൽ എത്തും. വൈകുന്നേരം 3.05-നാണ് മറ്റൊരു ട്രിപ്പുള്ളത്. ഇത് 4.20 ആകുമ്പോഴേക്ക് ഭക്രയിലെത്തും. നംഗലിൽ നിന്ന് യാത്രാസൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്താണ് ട്രെയിൻ സർവ്വീസ് ആരംഭിച്ചത്. സ്റ്റൂം എഞ്ചിനുകളാണ് 1948 ൽ ആരംഭിച്ച ഈ ട്രെയിൻ സർവ്വീസിന് ഉപയോഗിച്ചിരുന്നത്. ഭക്രാ- നംഗൽ ഡാമിന്റെ പണി നടന്നുകൊണ്ടിരുന്ന സമയമായതിനാൽ ചരക്ക് നീക്കം കൂടി ഉദ്ദേശിച്ചായിരുന്നു ട്രെയിൻ സർവ്വീസ് ആരംഭിച്ചത്.
STORY HIGHLLIGHTS : no-ticket-no-tte-indian-train-that-allows-free-travel-for-everyone