നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ വഖഫിലെ വിവാദപ്രസ്താവനയില്‍ പൊലീസില്‍ പരാതി. കോണ്‍ഗ്രസ് നേതാവ് അനൂപ് വി ആര് ആണ് പരാതി നല്‍കിയത്. കമ്പളക്കാട് നടത്തിയ പ്രസംഗത്തില്‍ വര്‍ഗീയ പരാമര്‍ശമുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം.
അമിത് ഷായുടെ ഓഫീസില്‍ നിന്ന് അയച്ച ഒരു വീഡിയോ ഉണ്ട്. അത് പ്രചരിപ്പിക്കണമെന്നും വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തില്‍ സുരേഷ് ഗോപി പറഞ്ഞു. മുനമ്പത്തേത് മണിപ്പൂരിന് സമാനമായ സ്ഥിതിയാണ്. മണിപ്പൂര്‍ പൊക്കി നടന്നവരെ ഇപ്പോള്‍ കാണാനില്ല. മുനമ്പത്തേ നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതത്തെ ഒതുക്കും. വഖഫ് ബില്‍ നടപ്പാക്കിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസംഗത്തില്‍ നിന്ന്…
കാര്‍ഷിക നിയമങ്ങള്‍ തിരിച്ചുകൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാര്‍ഷിക നിയമം ഒരിക്കലും പിന്‍വലിക്കാന്‍ പാടില്ലായിരുന്നു. വേദനയോടെ പിന്‍വാങ്ങിയതാണ്. പക്ഷേ അതു തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞുനാലക്ഷര ബോര്‍ഡ് ഭീകരനെ പാര്‍ലമെന്റില്‍ തളയ്ക്കുമെന്ന് വഖഫ് ബോര്‍ഡിനെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. ജനങ്ങളെ ദ്രോഹിക്കുന്ന ഒരു പ്രക്രിയയ്ക്കും നരേന്ദ്ര മോദി സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് അങ്കലാപ്പാണ്. അവരുടെയൊക്കെ രാഷ്ട്രീയ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്ന പ്രവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. അവര്‍ക്ക് എതിര്‍നീക്കം നടത്താന്‍ സാധിക്കാത്ത ഗതികെട്ട അവസ്ഥയാണ്. കോടതിക്ക് പുറത്തുവച്ച് തീര്‍ക്കാമെന്നാണ് അവര്‍ മുനമ്പത്ത് ചെന്ന് പറഞ്ഞത്. വലിയ തട്ടിപ്പാണത്. ഏതു കോടതി എന്നാണ് അവര്‍ ഉദ്ദേശിച്ചത്. ആ ബോര്‍ഡിന്റെ കോടതിയോ ? അതിന് പുല്ലുവില നല്‍കില്ല. ഒരു കോടതിക്ക് പുറത്തുവച്ചും തീര്‍ക്കേണ്ട. ഞങ്ങള്‍ അത് ഇന്ത്യന്‍ പാര്‍ലമെന്റില്‍ വച്ച് തീര്‍ത്തോളാം. ബില്‍ പുല്ലുപോലെ പാസാക്കാമായിരുന്നു. എന്നാല്‍ രാഷ്ട്രീയ മര്യാദയുടെ പേരിലാണ് ജോയിന്റ് പാര്‍ലമെന്റ് കൗണ്‍സിലിന് വിട്ടത്. അടുത്ത സമ്മേളനത്തില്‍ ഇതിന് തീര്‍പ്പ് വരും. കിരാത വാഴ്ച മുളച്ചുവരാന്‍ പോലും അനുവദിക്കില്ല.
പൗരത്വ നിയമം വന്നപ്പോള്‍ ഐന്തല്ലാം ഭീതിയാണ് പരത്തിയത്. പാലാരിവട്ടത്തെ മുസ്ലിം കച്ചവടക്കാരോട് പോയി പറഞ്ഞത് നിങ്ങളെയെല്ലാം പാക്കിസ്ഥാനിലേക്ക് പറഞ്ഞയയ്ക്കാന് പോകുകയാണെന്നാണ്. അങ്ങനെ തിരോധാന ചെയ്യപ്പെട്ട ഒരു മുസ്ലിമെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ അവരെ തിരിച്ചുകൊണ്ടുവരാം. വയനാടിന്റെ ആസ്പിരേഷന്‍ ഡിസ്ട്രിക് പദ്ധതി തകര്‍ത്തത് സംസ്ഥാന സര്‍ക്കാരാണ്. രാത്രിയാത്രാ നിരോധനം നീക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. വയനാട്ടുകാരെ രാഹുല്‍ ഗാന്ധി വഞ്ചിച്ചു. അതുവഴി വന്ന അന്യായമായ തിരഞ്ഞെടുപ്പാണിത്. എന്നാലും വയനാട്ടുകാര്‍ക്ക് ഇത് ഒരു അവസരമാണ്. ഞങ്ങള്‍ക്ക് ഒരു എംപിയെ കൂട്ടിത്തന്നതുകൊണ്ട് കാര്യമില്ല. പക്ഷേ നിങ്ങളുടെ പിന്തുണ ആ ഒന്നിലൂടെ ലഭിക്കുമെങ്കില്‍ അതാണ് ഏറ്റവും വലിയ കാര്യം. നവ്യ ഹരിദാസിനെ വിജയിപ്പിക്കാന്‍ നിങ്ങള്‍ തീരുമാനിച്ചാല്‍ വെറും എണ്ണം കൂട്ടിത്തരുന്ന എംപിയായിരിക്കില്ല, മറിച്ച് ഒരു കേന്ദ്രമന്ത്രിയായിട്ടായിരിക്കും നിങ്ങള്ക്കിടയിലുണ്ടായിരിക്കുക എന്നും അദ്ദേഹം പറഞ്ഞു.