സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടില്ല. സംസ്ഥാനത്ത് നവംബർ 12,13 തീയതികളിൽ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 13 -ാം തിയതി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.