ഡ്രൈ ഫ്രൂട്സും നട്സും സീഡ്സുമെല്ലാം കഴിക്കുന്നത് ആരോഗ്യത്തിനേറെ ഗുണകരമാണെന്നു പറയേണ്ടതില്ലല്ലോ. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ പ്രദാനം ചെയ്യാൻ ഇവ സഹായിക്കും. ഇക്കൂട്ടത്തില്‍ ഏറ്റവും ജനപ്രിയമായ ഒന്നാണ് ബദാം. നട്സുകള്‍ കഴിക്കുന്നത് ശരീരത്തിന് വലിയരീതിയില്‍ ഗുണം ചെയ്യും. വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ തുടങ്ങിയവ ധാരാളം അടങ്ങിയ ഒന്നാണ് ബദാം. ദിവസം മൂന്ന് ബദാം വീതം കഴിക്കുന്നത് ആരോഗ്യത്തിന് വലിയ ഗുണം ചെയ്യും. ഇങ്ങനെ കഴിക്കുന്നതുകൊണ്ടുള്ള ഗുണം അറിഞ്ഞിരിക്കാം.
എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യവും ഫോസ്ഫറസും ഇതിലുണ്ട്. നാരുകള്‍ അടങ്ങിയിരിക്കുന്ന ഇത് വിശപ്പിനെ കുറയ്ക്കും. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഇത് നല്ലൊരു ഭക്ഷണമാണ്. വിശപ്പ് കുറയ്ക്കാനും ഇത് സഹായിക്കും. പ്രോട്ടീന്‍ അടങ്ങിയ ബദാം വിറ്റാമിന്‍ ഇ കൊണ്ടും സമ്പന്നമാണ്. ബദാം കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മത്തിന് തിളക്കമേകാന്‍ സഹായിക്കും. ബയോട്ടിനും ഫാറ്റി ആസിഡും അടങ്ങിയ ഇവ തലമുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തും.
നല്ല കൊളസ്ട്രോള്‍ കൂട്ടാന്‍ ഇത് കഴിക്കുന്നത് നല്ലതാണ്. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ബദാം ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഗ്ലൈസമിക് സൂചിക കുറവായ ഒന്നാണ് ബദാം. അതിനാല്‍ ഇവ കുതിര്‍ത്ത് രാവിലെ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.ബദാം ദിവസവും കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ഓര്‍മശക്തി കൂട്ടാന്‍ ഗുണം ചെയ്യും. കുട്ടികള്‍ക്കും പതിവായി ബദാം കുതിര്‍ത്ത് നല്‍കാം.
ഈ പോഷകഗുണങ്ങളെല്ലാം ലഭിക്കണമെങ്കില്‍ നല്ല ബദാം കഴിക്കണം. വിപണിയില്‍ ഇപ്പോള്‍ ലഭ്യമായ പല ഡ്രൈ ഫ്രൂട്സും നട്സും മായം കലര്‍ന്നതാണ്. പ്രത്യേകിച്ച് പാക്ക് ചെയ്തതല്ലാതെ, ലൂസായി കിട്ടുന്ന ബദാമില്‍ പലതരത്തിലുള്ള മായം കലര്‍ന്നിരിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഹാനികരമായ കെമിക്കലുകള്‍ ഉപയോഗിച്ച് പോളിഷ് ചെയ്യുന്നതാണ് ഇവയില്‍ ഏറ്റവും സാധാരണയായി കണ്ടുവരുന്ന കാര്യം. മനോഹരമായ ചുവന്ന നിറം കൊണ്ട് പുറമേ പോളിഷ് ചെയ്ത് ബദാം കാഴ്ചയ്ക്ക് കൂടുതല്‍ മനോഹരമാക്കുന്നു. പഴകിയ ബദാമാണ് ഇങ്ങനെ കൂടുതലും ചെയ്യുന്നത്. ഇത് തിരിച്ചറിയാനായി രണ്ടു ബദാം കൈവെള്ളയില്‍ വച്ച് രണ്ടു കൈകൊണ്ടും തിരുമ്മുക. കയ്യില്‍ ചുവന്ന ചായം പറ്റുന്നുണ്ടെങ്കില്‍ ഇത് നിറം ചേര്‍ത്തതാണ് എന്നാണ് അര്‍ത്ഥം.
വളരെയധികം കാലപ്പഴക്കമുള്ളതും ഗുണമേന്മയില്ലാത്തതുമായ ബദാമും കടകളില്‍ വിറ്റു വരുന്നതായി കാണുന്നു. പഴക്കം കൂടുന്തോറും ഇവയില്‍ അടങ്ങിയ എണ്ണയുടെ അംശം കുറഞ്ഞു വരും. ഇത് തിരിച്ചറിയാന്‍ കുറച്ച് ബദാം എടുത്ത് ഒരു കടലാസിലോ ടിഷ്യു പേപ്പറിലോ ഉരസുക. പുതുമയുള്ള ബദാം ആണെങ്കില്‍ കൂടുതല്‍ എണ്ണമയം കാണാം. കൂടാതെ, 8-10 ബദാം എടുത്ത് ഒരു സ്റ്റീല്‍ പാത്രത്തിനുള്ളിലിട്ട് കുലുക്കി നോക്കുക. കല്ല് ഇട്ടു കുലുക്കുന്നത് പോലെ കൂടുതല്‍ വ്യക്തമായ ശബ്ദമാണ് കേള്‍ക്കുന്നതെങ്കില്‍ അവ പുതിയ ബദാം ആണെന്ന് മനസിലാക്കാം. കാലപ്പഴക്കം കൂടുന്നതനുസരിച്ച് അവയിലെ ഈര്‍പ്പം കൂടുകയും എണ്ണമയം കുറയുകയും ചെയ്യും.
നല്ല ഗുണനിലവാരമുള്ള ബദാമിനൊപ്പം പഴകിയതും ഗുണം കുറഞ്ഞതുമായ ബദാം കലര്‍ത്തി വില്‍ക്കുന്നതും പതിവാണ്. ഇത് മനസ്സിലാക്കാന്‍ വാങ്ങുന്നതിന് മുന്‍പ് നന്നായി പരിശോധിക്കുക. ബദാമുകള്‍ തമ്മില്‍ നിറം, ആകൃതി, വലിപ്പം എന്നിവയില്‍ വലിയ വ്യത്യാസം തോന്നുന്നുണ്ടെങ്കില്‍ ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന് മനസ്സിലാക്കാം.
content highlight: how-to-spot-adulterated-almonds