Sports

സൂപ്പർലീ​ഗ് കേരളയിൽ സൂപ്പർ പോരാട്ടം; ഫൈനലിൽ ഫോഴ്‌സ കൊച്ചി ഇന്ന് കാലിക്കറ്റ് എഫ്‌സിയെ നേരിടും

കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം

പ്രഥമ മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരളയുടെ ഫൈനലില്‍ ഫോഴ്‌സ കൊച്ചി എഫ് സി ഇന്ന് കാലിക്കറ്റ് എഫ്‌സിയെ നേരിടും. കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം നടക്കുന്നത്. വൈകീട്ട് 6.30 ന് സമാപനച്ചടങ്ങുകൾ ആരംഭിക്കും. രാത്രി എട്ടിനാണ് കിക്കോഫ്.

മത്സരം കാണാൻ ഫോഴ്സ കൊച്ചി ടീം ഉടമകളായ പൃഥ്വിരാജ്, ഭാര്യ സുപ്രിയ, കാലിക്കറ്റ് എഫ്സി ബ്രാൻഡ് അംബാസഡർ ബേസിൽ ജോസഫ് തുടങ്ങിയവർ എത്തും. വിജയികൾക്ക് കായികമന്ത്രി വി അബ്ദുറഹിമാൻ ട്രോഫി സമ്മാനിക്കും. ഐഎസ്എൽ മാതൃകയിൽ സംസ്ഥാനത്ത് ആദ്യമായി നടത്തുന്ന സൂപ്പർ ലീ​ഗ് കേരളയുടെ മത്സരങ്ങൾ സെപ്റ്റംബർ ഏഴിനാണ് തുടങ്ങിയത്.

കോഴിക്കോട് നടന്ന ആദ്യ സെമിയിൽ തിരുവനന്തപുരം കൊമ്പൻസിനെ ഒന്നിനെതിരെ രണ്ടു ​ഗോളുകൾക്ക് തോൽപ്പിച്ചാണ് കാലിക്കറ്റ് എഫ് സി ഫൈനലിൽ എത്തിയത്. രണ്ടാം സെമിയില്‍ കണ്ണൂര്‍ വാരിയേഴ്‌സിനെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കൊച്ചി എഫ്‌സി കലാശപോരാട്ടത്തിന് അർഹത നേടിയത്. ലീഗില്‍ 7 ഗോളുകളുമായി ടോപ് സ്‌കോററാണ് ഫോഴ്സ കൊച്ചിയുടെ ബ്രസീലിയന്‍ താരം ഡോറിയല്‍ട്ടണ്‍.