India

വീട്ടിൽ ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടി വളര്‍ത്തി; ദമ്പതികൾ അറസ്റ്റില്‍

വീട്ടിൽ ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ ദമ്പതികൾ പൊലീസ് പിടിയിൽ. എംഎസ്ആർ നഗർ മൂന്നാം മെയിനിൽ താമസിക്കുന്ന സിക്കിം സ്വദേശികളായ കെ സാഗർ ഗുരുങ് (37), ഭാര്യ ഊർമിള കുമാരി (38) എന്നിവരെയാണ് സദാശിവനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലാണ് സംഭവം. ഊര്‍മിളയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ദമ്പതികൾക്ക് വിനയായത്. സോഷ്യൽ മീഡിയയിൽ സജീവമായ ഊര്‍മിള ഫേസ്ബുക്ക് പേജിൽ വീഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്യുന്നത് പതിവായിരുന്നു. അടുത്തിടെ എംഎസ്ആർ നഗറിലെ തന്‍റെ വീട്ടിൽ പൂച്ചട്ടികളിൽ വളരുന്ന വിവിധ ചെടികളുടെ വീഡിയോയും ചിത്രങ്ങളും ഊര്‍മിള പോസ്റ്റ് ചെയ്തിരുന്നു. 17 എണ്ണത്തില്‍ രണ്ട് ചട്ടികളിലായാണ് ഇവർ കഞ്ചാവ് ചെടി വളർത്തിയത്. തന്‍റെ പോസ്റ്റിൽ കഞ്ചാവ് വളർത്തുകയാണെന്ന് ഊർമിള വെളിപ്പെടുത്തിയിരുന്നു. ഈ വിവരം ഫോളവേഴ്സ് പൊലീസിനെ അറിയിക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ, കഞ്ചാവ് വിൽക്കുന്നതിനും വേഗത്തിൽ പണം സമ്പാദിക്കുന്നതിനുമായാണ് ചെടികൾ വളര്‍ത്തിയതെന്ന് ദമ്പതികൾ പറഞ്ഞതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദമ്പതികൾ ഒന്നാം നിലയിലാണ് താമസിച്ചിരുന്നതെന്നും ഫാസ്റ്റ് ഫുഡ് ഷോപ്പ് താഴത്തെ നിലയിലാണെന്നും പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ ഇവരെ അറസ്റ്റ് ചെയ്യുകയും 54 ഗ്രാം ഭാരമുള്ള കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെടുക്കുകയും ചെയ്തു.