എൻ. പ്രശാന്ത് ഐഎഎസിനെതിരെ മുൻ മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ. വഞ്ചനയുടെ പര്യായമായ ഐഎഎസ് ഉദ്യോഗസ്ഥനാണ് പ്രശാന്ത്. രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തിൽ പ്രശാന്ത് വില്ലന്റെ റോളിൽ പ്രവർത്തിച്ചെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. യുഡിഎഫിന് വേണ്ടി വിടുപണി ചെയ്ത ആളാണ് പ്രശാന്തെന്നും മേഴ്സിക്കുട്ടിയമ്മ ആരോപിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് വേണ്ടി പ്രശാന്ത് രാഷ്ട്രീയ ഗൂഢാലോചന നടത്തി. ആഴക്കടൽ മത്സ്യബന്ധന കരാർ അതിന്റെ ഭാഗമായിരുന്നു. രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച ആളാണ് എൻ പ്രശാന്തെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ മേഴ്സിക്കുട്ടിയമ്മ പറയുന്നു.
അതേസമയം എൻ. പ്രശാന്തിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്യമായ വിമർശനങ്ങൾ ഉന്നയിക്കുകയും അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലക് ഐഎഎസിനെതിരെ കമന്റിലൂടെ മറുപടി നൽകുകയും ചെയ്തതലിൽ സർക്കാരിൽ കടുത്ത അതൃപ്തിയുണ്ട്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, എൻ. പ്രശാന്തിനോട് വിശദീകരണം തേടും. മറുപടിയുടെ അടിസ്ഥാനത്തിൽ തുടർന്ന് നടപടികളിലേക്ക് കടക്കാനാണ് സർക്കാരിന്റെ തീരുമാനം.
ജയതിലകിനെക്കുറിച്ച് പൊതുജനമറിയേണ്ട ചില കാര്യങ്ങൾ തുറന്നുപറയുമെന്ന് പ്രശാന്ത് മുന്നറിയിപ്പ് നൽകിയിരുന്നു. മാടമ്പള്ളിയിലെ യഥാർഥ ചിത്തരോഗി ജയതിലകെന്നും എഫ്ബി പോസ്റ്റുകളിലെ മറുപടിയിൽ പ്രശാന്ത് പറയുന്നു. എൻ. പ്രശാന്ത് എസ്‌സി-എസ്ടി വകുപ്പിന് കീഴിലുള്ള ഉന്നതിയിലുണ്ടായിരുന്ന കാലത്തെ ചില ഫയലുകൾ കാണാനില്ലെന്ന് വാർത്തയാണ് രൂക്ഷവിമർശനങ്ങൾക്ക് പിന്നിൽ.