സപ്ലൈകോയ്ക്ക് വേണ്ടി എൻ എഫ് എസ് എയുടെ ഭാഗമായി നടക്കുന്ന വാതിൽപടി വിതരണം മുടങ്ങില്ലെന്ന് സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഷാജി വി നായർ അറിയിച്ചു. വാതിൽപ്പടി വിതരണം നടത്തിയ ഇനത്തിൽ സപ്ലൈകോ നൽകാനുള്ള ബിൽ കുടിശികയെ തുടർന്ന് ട്രാൻസ്പോർട്ടിങ് കരാറുകൾ സമരത്തിലേക്ക് നീങ്ങുകയാണെന്ന് നേരത്തെ അറിയിച്ചിരുന്നു.
കരാറുകാരുമായി സപ്ലൈകോ മാനേജിങ് ഡയറക്ടർ ഷാജി വി നായർ വെള്ളിയാഴ്ച നടത്തിയ ചർച്ചയിൽ, ഒരാഴ്ചയ്ക്കുള്ളിൽ കുടിശ്ശിക തുകയുടെ ആദ്യ ഗഡു നൽകുമെന്ന് സപ്ലൈകോ അറിയിച്ചു. ഇതേതുടർന്ന് കരാറുകാർ സമരത്തിൽ നിന്ന് പിൻവാങ്ങാൻ ധാരണയായിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു.
അതേസമയം, ചടയമംഗലം പോരേടത്ത് മാവേലി സ്റ്റോർ സപ്ലൈകോ സൂപ്പർമാർക്കറ്റായി ഉയർത്തി പ്രവർത്തനം തുടങ്ങുന്നതിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നവംബര്‍ 12ന് രാവിലെ 9. 30ന് നിർവഹിക്കും. പോരേടം സൂപ്പർമാർക്കറ്റ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി അധ്യക്ഷത വഹിക്കും. എൻ കെ പ്രേമചന്ദ്രൻ എംപി മുഖ്യാതിഥിയായിരിക്കും. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ആദ്യ വില്പന നിർവഹിക്കും. തദ്ദേശഭരണ സ്ഥാപന പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.