പ്രഷര്‍ കുക്കര്‍ ഇല്ലാത്ത ഒരു അടുക്കള സങ്കൽപിക്കാന്‍ പോലും ഇന്നത്തെ കാലത്ത് കഴിയില്ല. എന്നാൽ എത്ര പേര്‍ പ്രഷര്‍ കുക്കര്‍ നേരാംവണ്ണം പരിപാലിക്കുന്നുണ്ട് എന്ന ചോദ്യം പ്രസക്തമാണ്. പല വലിയ അപകടങ്ങൾക്ക് പിന്നിലും നമ്മുടെ ചെറിയ അശ്രദ്ധകളാണ്. പ്രഷര്‍കുക്കറുകള്‍ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം
പാചകത്തിന് മുൻപ് കുക്കർ പരിശോധിക്കണം
പാചകത്തിന് മുൻപ് കുക്കർ നന്നായി പരിശോധിക്കണം. കുക്കർ അടയ്ക്കുന്നതിനു മുൻപ് മൂടിയിലുള്ള റബ്ബർ ഗാസ്കറ്റിൽ വിള്ളൽ വീണിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം. ഉപയോഗത്തിനനുസരിച്ച് ചില ഗാസ്‌ക്കറ്റുകൾ വർഷംതോറും മാറ്റണമെന്ന് കമ്പനികൾ തന്നെ ആവശ്യപ്പെടാറുണ്ട്. സേഫ്റ്റി വാൽവിന് തകരാർ ഉണ്ടെങ്കിൽ പിന്നീട് അത് ഉപയോഗിക്കരുത്. കൃത്യമായ ഇടവേളകളിൽ കുക്കറിന്റെ സേഫ്റ്റി വാൽവുകൾ മാറ്റുന്നതാണ് സുരക്ഷിതം. ഏതു കമ്പനിയുടെ കുക്കറാണോ അതേ കമ്പനിയുടെ തന്നെ സേഫ്റ്റി വാൽവുകൾ ഉപയോഗിക്കുക.
കുക്കർ വൃത്തിയായി കഴുകുക
കുക്കർ വൃത്തിയായി കഴുകി ഉപയോഗിക്കണം. മൂടിയിലുള്ള ഗാസ്കറ്റുകൾ നീക്കി പ്രത്യേകം കഴുകണം. ഇവ കഴുകിയുണക്കിയതിനുശേഷം മാത്രമേ മൂടിയിലേക്ക് തിരികെയിടാവൂ. വാൽവ് വുഡൺ ടൂത്ത് പിക്കോ മറ്റോ ഉപയോഗിച്ച് വൃത്തിയാക്കാണം. ഓരോ ദിവസവും ഉപയോഗം കഴിയുമ്പോൾ വാഷറും വെയ്റ്റും എല്ലാം വൃത്തിയാക്കണം. ഐ.എസ്.ഐ. മുദ്രയുള്ള കുക്കറുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
കുക്കറിന് അമിതഭാരം വേണ്ട
കുക്കറിൽ അമിതമായി വേവിക്കാനിടുന്നത് പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂട്ടും. വേവുന്നതിനനുസരിച്ച് വികസിക്കുന്ന പയറുവർഗങ്ങൾ കുക്കറിന്റെ പകുതിവരെ മാത്രമേ ഇടാവു. വേവുന്നതിന് ആവശ്യമായ വെള്ളമുണ്ടെന്ന് ഉറപ്പാക്കണം.
ഭക്ഷണ പദാർഥത്തെപ്പറ്റിയും വേവാനായി ഒഴിക്കേണ്ട വെള്ളത്തിന്റെ അളവിനെപ്പറ്റിയും കൃത്യമായി അറിഞ്ഞിരിക്കണം. ചില ആഹാരപദാർഥങ്ങൾ വേവിക്കുമ്പോൾ പതഞ്ഞുപൊങ്ങാറുണ്ട്.കുക്കറിലെ ആവി പോകാനുള്ള വാൽവ് വഴിയാണ് പതഞ്ഞുപുറത്തേക്ക് വരുന്നത്. ഇത് വാൽവ് അടയാൻ സാധ്യതയുണ്ട്.
പ്രഷര്‍ റിലീസ് ചെയ്യുമ്പോള്‍
അടുപ്പിലെ ചൂടില്‍ നിന്ന് കുക്കര്‍ മാറ്റിവെച്ച് പ്രഷര്‍ തനിയെ പോകാന്‍ വെയ്ക്കുകയാണ് പ്രഷര്‍ റിലീസ് ചെയ്യാനുള്ള സുരക്ഷിതമായ മാര്‍ഗം. അടുപ്പില്‍ നിന്ന് മാറ്റി പത്തുമിനിറ്റ് കഴിഞ്ഞേ മൂടി തുറക്കാവു, കുക്കറിലെ മൂടിക്ക് മുകളിലൂടെ തണുത്തവെള്ളം ഒഴിച്ച് പ്രഷര്‍ റിലീസ് ചെയ്യിക്കുകയാണ് മറ്റൊരു രീതി. കുക്കര്‍ കൈയില്‍പ്പിടിച്ച് പ്രഷര്‍ റിലീസ് ചെയ്യിക്കുമ്പോള്‍ ശരീരത്തില്‍ നിന്ന് ദൂരേക്ക് പിടിച്ച് ചെയ്യുക. ആവി മുഴുവനും പോകാതെ കുക്കറിന്റെ അടപ്പ് തുറക്കരുത്. പ്രഷര്‍ കുക്കറില്‍ ഉള്‍ക്കൊള്ളുന്നതിലും കൂടുതല്‍ പാചകം ചെയ്യുമ്പോള്‍ വെന്റുകളും വാല്‍വുകളും അടഞ്ഞുപോകും. നമ്മള്‍ പ്രതീക്ഷിക്കുന്ന സമയം കഴിഞ്ഞ് പ്രഷര്‍ റിലീസ് ആവുന്ന ശബ്ദം കേള്‍ക്കുന്നില്ലെങ്കില്‍ ശ്രദ്ധിക്കണം. സ്റ്റൗ ഓഫാക്കി സുരക്ഷിതമായ അകലം പാലിച്ചശേഷമേ പരിശോധന പാടുള്ളു. സമീപത്ത് ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ മാറ്റിയശേഷം പ്രഷര്‍കുക്കര്‍ തുറക്കുക. പാചകവാതക സിലിണ്ടറുകളെപ്പോലെത്തന്നെ പ്രഷര്‍ കുക്കര്‍ കൈകാര്യം ചെയ്യുമ്പോഴും ജാഗ്രത പാലിക്കുക.
content highlight: pressure-cooker-safety-tips