യുഡിഎഫ് സ്ഥാനാർത്ഥിക്ക് സിപിഎം പത്തനംതിട്ട ജില്ലാഘടകം പിന്തുണ നൽകിയത് ഡീലിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത് പാലക്കാട്ടുകാർ തിരിച്ചറിയും.. കോൺഗ്രസും സിപിഎമ്മും ആയിട്ടുള്ള അന്തർധാര ഉച്ചസ്ഥായിയിൽ നിൽക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് പത്തനംതിട്ട സിപിഎമ്മിന്റെ പേജിൽ വന്ന രാഹുലിനെ വിജയിപ്പിക്കണമെന്ന പോസ്റ്റെന്നും സുരേന്ദ്രൻ പറഞ്ഞു. ഇന്ത്യ മുന്നണി ഇവിടെ യാഥാർത്ഥ്യമായിരിക്കുകയാണ്. പരസ്പരം സഹായിച്ചു കൊണ്ടാണ് ഇവർ എല്ലാകാലത്തും മത്സരിക്കുന്നത്. ഇത്തവണ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി തന്നെ അത് പ്രകടമാക്കിയത് ഏതായാലും നന്നായി. പത്തനംതിട്ടകാരനായിട്ടുള്ള സ്ഥാനാർത്ഥിയാണ് രാഹുൽ. അദ്ദേഹത്തിനെ പത്തനംതിട്ടയിലെ സിപിഎം പിന്തുണയ്ക്കുന്നത് പ്രാദേശിക വികാരമാണ്. പാലക്കാട്ടെ വോട്ടർമാർ പാലക്കാട്ടുകാരനായ കൃഷ്ണകുമാറിന് മാത്രമേ വോട്ട് ചെയ്യൂ. സിപിഎം വോട്ട് മറിച്ചാലും കഴിഞ്ഞ തവണത്തെ അനുഭവം ജനങ്ങളുടെ മുൻപിലുണ്ട്.മുനമ്പം പോലെയുള്ള വിഷയങ്ങൾ ഇവിടെ ജനങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.