മുതിർന്ന സിപിഎം നേതാവും, സംസ്ഥാന കമ്മിറ്റി അംഗവുമായ എൻ.എൻ കൃഷ്ണദാസിനെ വിമർശിച്ച് സിപിഐഎം അവലോകന യോഗം. ഇന്നലെ രാത്രി നടന്ന യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പങ്കെടുത്തിരുന്നു. കൃഷ്ണദാസ് അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നാണ് വിമർശനം. അദ്ദേഹത്തിൻ്റെ പ്രതികരണങ്ങൾ പ്രചരണ രംഗത്ത് ദോഷമാകുന്നുണ്ടെന്നും, മുന്നണിയും പാർട്ടിയും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമ്പോൾ അതിന് വിരുദ്ധമായ സമീപനമാണ് കൃഷ്ണദാസിൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും വിലയിരുത്തിയ യോഗം, അത് ദോഷം ചെയ്യുമെന്നും വിമർശിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറിയും, ജില്ലാ സെക്രട്ടറിയുമടക്കം തിരുത്താൻ ശ്രമിച്ചിട്ടും നിലപാട് മാറ്റാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ചർച്ചയാക്കേണ്ടത് പെട്ടി വിവാദമല്ല, രാഷ്ട്രീയ കാര്യങ്ങൾ ആണെന്നാണ് എൻ എൻ കൃഷ്ണദാസ് പറഞ്ഞത്.