ഒരു യാത്ര പോകണമെങ്കില്‍ നമ്മള്‍ എത്ര ദിവസം മാറ്റിവയ്ക്കും, 7 ദിവസം കൂടി പോയാല്‍ 10 ദിവസം. പിന്നെ അത്യാവശ്യം യാത്രയെ ഇഷ്ടപ്പെടുന്നവര്‍ കയ്യില്‍ പണവും ഉണ്ടെങ്കില്‍ ഏറിയാല്‍ ഒരുമാസത്തെ യാത്ര പ്ലാന്‍ ചെയ്യും. ഇങ്ങനെയാണ് സാധാരണ ആളുകള്‍ യാത്ര പ്ലാന്‍ ചെയ്യാറ്. എന്നാല്‍ എത്ര ദിവസംമെന്നോ എത്ര ചിലവ് വരുമെന്നോ ഒന്നും പ്ലാന്‍ ചെയ്യാതെ ഒരാള്‍ യാത്ര പോയിരിക്കുകയാണ്. അയാള്‍ യാത്ര തുടങ്ങിയിട്ട് ഇപ്പോള്‍ രണ്ട് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ തന്നെ എല്ലാ സ്ഥലങ്ങളും ആസ്വദിച്ച് കണ്ട വ്യക്തി. ആളിപ്പോള്‍ ഉള്ളത് നേപ്പാളിലെ ഏറ്റവും വലിയ നാഷണല്‍ പാര്‍ക്കിലാണ്. എല്ലാത്തില്‍ നിന്നും വ്യത്യസ്തം എന്തെന്ന് വച്ചാല്‍ ഇദ്ദേഹം ഇന്ത്യമുഴുവന്‍ കറങ്ങിയത് ഒരു രൂപപോലും യാത്രാചിലവ് മുടക്കാതെ നടന്നാണ് ഈ രണ്ടുവര്‍ഷവും യാത്ര നടത്തിയത്. യൂടൂബില്‍ സുഹൃത്തുക്കളെ എന്ന വിളിയില്‍ തുടങ്ങി പ്രകൃതിയുടെ മായ കാഴ്ചകള്‍ നമ്മൡലേക്ക് എത്തിക്കുന്ന ഒരു ട്രാവല്‍ വ്ളോഗറാണ് ചിത്രന്‍ രാമചന്ദ്രന്‍.
ചിത്രന്റെ വ്ളോഗുകള്‍ കണ്ടാല്‍ ഹിമാലയന്‍ താഴ്വരകളില്‍ പോയ അനുഭൂതിയാണ്. കയ്യില്‍ പണമില്ലാത്തത് കൊണ്ട് സ്വപ്നം കണ്ട യാത്രകള്‍ മാറ്റിവെക്കുന്നവര്‍ക്ക് മാതൃകയാണ് ചിത്രന്‍. യാത്രകള്‍ ചെയ്യാന്‍ പണമല്ല, മനസ്സാണ് വേണ്ടതെന്ന് തെളിയിക്കുന്നു വെറും ഇരുപത്തിയാറ് വയസ്സുള്ള ഈ ചെറുപ്പക്കാരന്‍. അമ്മമ്മ മരിച്ചതിന് ശേഷമുള്ള ഏകാന്തതയും വിഷാദവുമാണ് ചിത്രനെ ഒറ്റയ്ക്കുള്ള ഒരു യാത്രയ്ക്ക് പ്രേരിപ്പിച്ചത്. ജീവിതത്തില്‍ സന്തോഷമാണ് ഏറ്റവും വലുതെന്ന അമ്മമ്മയുടെ ഉപദേശം ശിരസ്സാവഹിക്കുകയായിരുന്നു താനെന്ന് ചിത്രന്‍ പറയുന്നു. പക്ഷേ വലിയൊരു യാത്ര പോകാനുള്ള പണമൊന്നും കയ്യിലില്ല. മൊബൈല്‍ ടവറില്‍ ജോലി ചെയ്തുകിട്ടുന്ന വരുമാനമൊന്നും യാത്രയ്ക്ക് തികയില്ല. ങ്ങനെയാണ് നടന്നുപോകാം എന്ന ചിന്ത ചിത്രനിലെത്തുന്നത്. ഒടുവില്‍ ആറായിരം രൂപയും ബാഗില്‍ കുറച്ച് അരിയും അത്യാവശ്യം ഭക്ഷണസാധനങ്ങളും ഒരു ടെന്റുമായി ചിത്രന്‍ തന്റെ സ്വപ്നത്തിലേക്കുള്ള നടത്തം ആരംഭിച്ചു.
2022 നവംബര്‍ ഒന്നിനാണ് കേരളത്തില്‍ നിന്നും യാത്ര തുടങ്ങിയത്. ഇപ്പോള്‍ വീടുവിട്ട് ഇറങ്ങിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിരിക്കുന്നു. കേരളത്തില്‍ തുടങ്ങി നേപ്പാളിലെ ഏറ്റവും വലിയ നാഷണല്‍ പാര്‍ക്കില്‍ എത്തി നില്‍ക്കുകയാണ് ചിത്രന്റെ യാത്ര. ജീവിതത്തിലെ ആ നിര്‍ണായക തീരുമാനത്തെ കുറിച്ച് ഓരോ വ്ളോഗിലും ചിത്രന്‍ പറയുന്ന ഒരു വാചകമുണ്ട്. ജീവിതത്തില്‍ ഞാന്‍ സ്വപ്നം കണ്ടത് ഇതാണ്. ഞാന്‍ മനസ്സ് നിറഞ്ഞ് സന്തോഷിക്കുകയാണ് സുഹൃത്തുക്കളെ.
യാത്രകളോട് കുട്ടിക്കാലം തുടങ്ങി പ്രേമം കുട്ടിക്കാലം തുടങ്ങിയേ യാത്രയെന്നാല്‍ ചിത്രന് ജീവനാണ്. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ കൊണ്ട് സ്‌കൂളുകളില്‍ നിന്ന് കൊണ്ടുപോകുന്ന ടൂറുകളില്‍ ഒന്നും പങ്കെടുക്കാന്‍ പറ്റിയിരുന്നില്ല. വയറുവേദന, പനി എന്നൊക്കെ പറഞ്ഞാണ് അന്ന് യാത്രകളില്‍ നിന്ന് രക്ഷപ്പെട്ടിരുന്നത്. പക്ഷേ പറ്റുന്ന രീതിയില്‍ വീടിനടുത്തുള്ള പ്രകൃതിഭംഗി തുളുമ്പുന്ന സ്ഥലങ്ങളിലേക്കൊക്കെ പോകും. ഇന്നും അത്തരം യാത്രകളോടാണ് ചിത്രന് ഇഷ്ടം.
ആദ്യദിനങ്ങളിലൊക്കെ യാത്ര വളരെ റിസ്‌ക് ആയിരുന്നുവെന്ന് ചിത്രന്‍ പറയുന്നു. കയ്യില്‍ പണമില്ലാത്തതിന്റെ പ്രശ്നം നല്ലതുപോലെ ഉണ്ടായിരുന്നു. സ്പോണ്‍സര്‍ഷിപ്പൊന്നും ഉണ്ടായിരുന്നില്ല. നടന്ന് യാത്ര പോകാമെന്ന് തീരുമാനിച്ചത് അതുകൊണ്ടാണ്. എട്ടുമാസത്തോളം ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ട് നേരിട്ടു. പക്ഷേ ചില സംസ്ഥാനങ്ങളില്‍ മലയാളികളുടെ സഹായം ലഭിച്ചു, ഗുജറാത്തിലും രാജസ്ഥാനിലുമൊക്കെ നിരവധി മലയാളികളുണ്ട്. അവിടുത്തെ മലയാളി സമാജങ്ങള്‍ ഭക്ഷണവും സ്റ്റേയുമൊക്കെ ഒരുക്കിക്കൊടുത്തു.
ഭക്ഷണം സ്വന്തം പാകം ചെയ്യും, ഉറക്കം ടെന്റില്‍ സഞ്ചാരികള്‍ക്കായുള്ള താമസ സൗകര്യവും ഹോട്ടലിലെ ഭക്ഷണവും തന്റെ കീശയില്‍ ഒതുങ്ങില്ലെന്ന് തിരിച്ചറിഞ്ഞ ചിത്രന്‍ ബാഗില്‍ ഒരു ടെന്റും അത്യാവശ്യം ഭക്ഷണസാധനങ്ങളും പാചകം ചെയ്യുന്നതിനുള്ള പാത്രങ്ങളും ചെറിയൊരു സ്റ്റൗവും കരുതി. യാത്രയില്‍ അറുപത് ശതമാനത്തോളം സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കുകയാണ് ചിത്രന്റെ പതിവ്. വളരെ ചെറിയ ബ്യൂട്ടെയ്ന്‍ ഗ്യാസ് സിലിണ്ടര്‍ കയ്യില്‍ കരുതും. അത് തീര്‍ന്നുപോയാല്‍ വിറക് കത്തിച്ച് പാചകം ചെയ്യും. മിക്കവാറും മുട്ട പുഴുങ്ങിയതും ന്യൂഡില്‍സും തുടങ്ങിയ ലളിത ഭക്ഷണങ്ങളാണ് പതിവ്. എങ്കിലും ചില ദിവസങ്ങളില്‍ ചിക്കന്‍ കറിയും ചോറുമൊക്കെയായി തുറന്ന പ്രകൃതിയില്‍ ആസ്വദിച്ച് കുക്ക് ചെയ്യാറുമുണ്ട്. താമസവും വളരെ ലളിതമാണ്. സൗകര്യപ്രദമായ ഒരു സ്ഥലത്ത് ടെന്റടിക്കും. മിക്കവാറും ഒറ്റപ്പെട്ട സ്ഥലങ്ങളിലായിരിക്കും. അവിടെ കിടന്നുറങ്ങി രാവിലെ യാത്ര തുടരും. അറുപത് കിലോഗ്രാം ഭാരമുണ്ട് ചിത്രന്റെ ബാഗിന്. ആ ബാഗും താങ്ങിയെടുക്ക് നടന്ന് യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ചിത്രന്‍ സമ്മതിക്കുന്നുണ്ട്. പക്ഷേ യാത്രാച്ചിലവ് കുറയ്ക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്തത് കൊണ്ട് അത്യാവശ്യസാധനങ്ങളെല്ലാം ബാഗിലെടുത്ത് അതുമായി നടക്കാന്‍ ചിത്രന് മടിയില്ല.
വ്്ളോഗറാകാന്‍ വേണ്ടിയുള്ള യാത്രകളല്ല, വ്ളോഗിംഗ് യാത്രക്കിടെ തുടങ്ങിയത് യാത്രാ വ്ളോഗര്‍മാര്‍ അനവധിയുണ്ട് നമ്മുടെ നാട്ടില്‍. അവരില്‍ നിന്നും വ്യത്യസ്തനാണ് ചിത്രന്‍. ചിത്രന്‍ കേരളത്തിന് പുറത്തേക്ക് ഒറ്റത്തവണയേ യാത്ര ചെയ്തിട്ടുള്ളു. പക്ഷേ ആ യാത്ര ഇന്നും അവസാനിച്ചിട്ടില്ല. ഒരു വ്ളോഗറാകാം എന്ന ചിന്തയില്‍ തുടങ്ങിയ യാത്രയുമല്ല ചിത്രന്റേത്. നാട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ മറ്റ് ചെറുപ്പക്കാരെ പോലെ തന്നെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടായിരുന്നു എന്നതല്ലാതെ എല്ലാ നേരവും സോഷ്യല്‍മീഡിയയില്‍ ചിലവിടാനോ അതിനെ കണ്ടന്റ് സാധ്യതകള്‍ കണ്ടെത്താനോ ചിത്രന്‍ ശ്രമിച്ചിരുന്നില്ല.
പക്ഷേ യാത്ര തുടങ്ങി അതിന്റെ വീഡിയോകള്‍ അക്കൗണ്ടുകളില്‍ നല്‍കിയതോടെ ആളുകള്‍ക്ക് ഇഷ്ടപ്പെടാന്‍ തുടങ്ങി. അത്യാവശ്യം വ്യൂസ് ലഭിച്ചു. പക്ഷേ വ്ളോഗിംഗിലൂടെ പ്രമോഷന്‍ ചെയ്ത് വരുമാനമുണ്ടാക്കണമെന്ന ചിന്തയൊന്നും ഇപ്പോഴും ചിത്രനില്ല. നല്ല കാഴ്ചകള്‍ ആളുകളിലേക്ക് എത്തിക്കണമെന്ന ആഗ്രഹത്തിന് പുറത്താണ് വീഡിയോകള്‍ ചെയ്ത് അക്കൗണ്ടില്‍ ഇടുന്നത്. യാത്ര ചെയ്യാന്‍ മോഹമുള്ള, അതിന് കഴിയാത്ത പ്രായമായവര്‍ക്ക് അതിലൂടെ സന്തോഷം ലഭിക്കണമെന്നാണ് ആഗ്രഹം. മാത്രമല്ല, കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതിലൂടെ പ്രമോഷന്‍ ചെയ്യാതെ തന്നെ തന്റെ യാത്രയ്ക്കുള്ള ചിലവുകള്‍ക്ക് വേണ്ട പണം വ്ളോഗിംഗിലൂടെ ലഭിക്കും. യുട്യൂബില്‍ നിന്ന് സ്ഥിരവരുമാനമൊന്നും ലഭിച്ചുതുടങ്ങിയിട്ടില്ല. എല്ലാ വീഡിയോകളിലും റീലുകളിലും ചിത്രന്‍ പറയുന്ന ഒരു വാചകമുണ്ട്. യാത്രകള്‍ ഇഷ്ടമാണെങ്കില്‍, ഇത്തരം കാഴ്ചകള്‍ ഇഷ്ടമാണെങ്കില്‍ സപ്പോര്‍ട്ട് ചെയ്യുക, കൂടെ നില്‍ക്കുക. കൊടുംകാടുകളില്‍ ടെന്റടിച്ചുള്ള താമസം, പേടി തോന്നിയിട്ടില്ലെന്ന് ചിത്രന്‍ ചിത്രന്റെ വ്ളോഗുകള്‍ കണ്ടിട്ടുള്ളവര്‍ക്ക് മനസ്സിലാകും, മനുഷ്യവാസമില്ലാത്ത മേഖലകളിലാണ് മിക്കവാറും ചിത്രന്‍ ടെന്റടിക്കുന്നത്. രാവിലെ ആരംഭിക്കുന്ന യാത്ര നാലുമണിയോടെ പറ്റിയ സ്ഥലത്ത് ടെന്റടിക്കും. ചിലപ്പോള്‍ ഗ്രാമങ്ങളിലായിരിക്കും. ചിലപ്പോള്‍ കാട്ടിലായിരിക്കും. കാട്ടിലെ സ്റ്റേയില്‍ വന്യമൃഗങ്ങളുടെ അക്രമണം ഭയക്കണം. സാധാരണ തീയിട്ടൊക്കെയാണ് അത്തരം ഭീഷണികളെ പ്രതിരോധിക്കുന്നത്.
ജമ്മുകശ്മീരിനും ലഡാക്കിനുമിടയിലെ മട്ടിയ ഗ്രാമത്തിലെ താമസത്തിനിടെ ഒരിക്കല്‍ കരടിയുടെ ആക്രമണമുണ്ടായി. അന്ന് സോഷ്യല്‍മീഡിയയില്‍ ലൈവ് ഇട്ടിരുന്നു ചിത്രന്‍. പാത്രം കൊട്ടിയാണ് അന്ന് കരടിയെ ഓടിച്ചത്. ഏഴുകിലോമീറ്ററോളം ആള്‍ത്താമസമില്ലാത്ത മേഖലയാണിത്. സ്ഥിരമായി കരടി ആക്രമണം നടക്കുന്ന മേഖലയാണത്. ലഡാക്കിലെയും ഉത്തരാഖണ്ഡിലെയും താമസത്തിലാണ് ഏറ്റവുമധികം ഭയപ്പെട്ടിട്ടുള്ളത്. റൂട്ടുമാപ്പില്ല, മുന്നില്‍ കാണുന്ന വഴിയിലൂടെ സഞ്ചാരം ഒരു റൂട്ടുമാപ്പും ഇല്ലാത്ത യാത്രയാണ് ചിത്രന്റേത്. ഗ്രാമങ്ങളിലൂടെയാണ് സഞ്ചാരം. ഗ്രാമവാസികളോട് അവിടുത്തെ പ്രത്യേകതകള്‍ ചോദിച്ചറിയും. കാണാനുള്ള സ്ഥലങ്ങള്‍ കാണും. അവര്‍ പറയുന്ന വഴികളിലൂടെ അടുത്തിടത്തേക്ക് സഞ്ചരിക്കും. നാലുമാസത്തോളം നേപ്പാളിലായിരുന്നു ചിത്രന്റെ യാത്രകള്‍. അവിടെ നിന്നും ഭൂട്ടാനിലേക്ക് പോയി അവിടെ യാത്രകള്‍ നടത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അവിടുത്തെ നിയമവ്യവസ്ഥകള്‍ കാരണം അതിന് സാധിച്ചില്ല. നേപ്പാളിലെ കാഴ്ചകള്‍ അതിമനോഹരമായിരുന്നുവെന്ന് ചിത്രന്‍ പറയുന്നു.
വീട് വിട്ടിറങ്ങിയിട്ട് ഒന്നരവര്‍ഷമായെങ്കിലും തിരിച്ചുപോകണമെന്ന് ചിത്രന് ആഗ്രഹമില്ല. പോയാല്‍ ഈ യാത്രകള്‍ നഷ്ടമാകുമോ എന്ന ഭയമാണ്. ഈ യാത്ര തുടരണമെന്ന മോഹം തന്നെയാണ് ഉള്ളിലുള്ളത്. സാധിച്ചാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ യാത്ര ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ലോകത്തിലെ എല്ലാ അത്ഭുതങ്ങളും കാണേണ്ട കാഴ്ചകളും ഇന്ത്യയില്‍ ഉണ്ടെന്ന കാര്യം ഈ യാത്രയിലൂടെ താന്‍ പഠിച്ചുവെന്ന് ഈ ചെറുപ്പക്കാരന്‍ പറയുന്നു. ലോകത്തിലെ ഉയര്‍ന്ന ഗ്രാമം, ആപ്പിള്‍ത്തോട്ടങ്ങള്‍, ഭൂമിക്കടിയിലൂടെ ഒഴുകുന്ന നദി, ഗംഗാനദി, മഞ്ഞുരുകിയ തടാകങ്ങള്‍, മഞ്ഞ് പുതച്ച പര്‍വ്വതങ്ങള്‍, അപൂര്‍വ്വമായ കൃഷികള്‍, ഭക്ഷണവൈവിധ്യങ്ങള്‍ തുടങ്ങി യാത്രയിലൂടെ ചിത്രന് ലഭിച്ച അറിവുകള്‍ അനവധിയാണ്. ചെന്നെത്തുന്ന ഓരോ സ്ഥലത്തെ കുറിച്ചും അവിടുത്തെ ആളുകളോട് ചോദിച്ചറിഞ്ഞും അല്ലാതെയും ചരിത്രമടക്കമുള്ള എല്ലാ കാര്യങ്ങളും പഠിച്ചാണ് ചിത്രന്‍ വ്ളോഗിലൂടെ ഓരോ കാര്യങ്ങളും പറയുന്നത്. ഒരു ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് ചിത്രന്‍ തന്റെ യാത്രാ വിശേഷങ്ങള്‍ പങ്കുവച്ചത്.