പാചകത്തിന് ഉപ്പ് ഉപയോഗിക്കാറുണ്ടെങ്കിലും ചർമ സംരക്ഷണത്തിന് പൊതുവേ ഉപ്പ് ഗുണം ചെയ്യുമെന്ന് പലർക്കും അറിയില്ല. ചർമത്തിലെ അഴുക്കുകൾ നീക്കാൻ സഹായിക്കുന്നതാണ് ഉപ്പുവെള്ളത്തിലെ കുളി. അടിഞ്ഞുകൂടിയ അഴുക്കുകൾ നീക്കി ചർമസുഷിരങ്ങൾ തുറക്കാൻ ഇത് ഗുണം ചെയ്യും. ചർമത്തിലെ എണ്ണമയവും അഴുക്കും നീക്കംചെയ്യും എന്നതുകൊണ്ടുതന്നെ മുഖക്കുരുവിനെ തടഞ്ഞുനിർത്തും. അൽപ്പം ഉപ്പിട്ട ഇളംചൂടുവെള്ളം കൊണ്ട് മുഖം കഴുകുന്നത് വളരെ നല്ലതാണ്. ഉപ്പ് വെച്ച് മുഖം നന്നായി സ്ക്രബ് ചെയ്യുന്നതിലൂടെ ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്സ് എന്നിവയെല്ലാം പോകാൻ സഹായകരമാകും. അൽപ്പം കല്ലുപ്പെടുത്ത് അതിൽ വെളിച്ചെണ്ണ ചേർത്ത് ശരീരത്തിലും സ്ക്രബ് ചെയ്ത് നോക്കൂ ചർമത്തിന് മൃദുത്വവും ഉന്മേഷവും ഉണ്ടാകും. ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്‌ത് ചുളിവുകൾ വരുന്നതിനെ ഒരു പരിധി വരെ തടഞ്ഞുനിർത്തും. വെള്ളത്തിൽ അൽപം ഉപ്പ് കലക്കിയെടുത്ത് മുഖത്ത് സ്പ്രേ ചെയ്‌തു നോക്കൂ, ഒരു നാച്വറൽ ടോണറാണ്. പാദങ്ങൾ വിണ്ടുകീറുന്നതിനും കാലിലെ നീരിനും ഇളംചൂടുവെള്ളത്തിൽ കല്ലുപ്പിട്ട് കാൽ മുക്കിവെക്കുന്നത് ഗുണം ചെയ്യും. കൈകാലുകളിലെ നഖങ്ങളുടെ ഭം ഗികൂട്ടാനും ഉപ്പ് സഹായിക്കും. ഉപ്പും നാരങ്ങാനീരും ബേക്കിങ് സോഡയും ചേർത്ത വെള്ളത്തിൽ വിരലുകൾ മുക്കിവെക്കുന്നത് നഖത്തിനും വിരലുകൾക്കും ഭംഗി കൂട്ടും.