മുഖസൗന്ദര്യം നോക്കുമ്പോള്‍ അതില്‍ പ്രധാനം കണ്ണാണ്. മിക്കവരിലും കാണുന്ന ഒരു പ്രശ്‌നമാണ് കണ്ണിന് ചുറ്റും വരുന്ന കറുപ്പ്.. ഉറക്ക കുറവ്, സമ്മര്‍ദ്ദം, നിര്‍ജ്ജലീകരണം എന്നിവയാകാം ഇതിനു കാരണം. വീട്ടില്‍ അടുക്കളയില്‍ തന്നെ കണ്ണിനു ചുറ്റുമുള്ള പാടുകളും കറുപ്പും കുറയ്ക്കുന്നതിനു സഹായിക്കുന്ന ഏതാനും വസ്തുക്കള്‍ ഉണ്ട്. ഉരുളക്കിഴങ്ങ്, വെള്ളരിക്ക, തക്കാളി നീര്, പാലും, മഞ്ഞള്‍പ്പൊടിയും, ബദാം എണ്ണ, തണുത്ത പാല്‍, ഗ്രീന്‍ ടീ ബാഗ്, കാപ്പിപ്പൊടി തുടങ്ങിയവ. ഇത് എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം.
ഉരുളക്കിഴങ്ങ് അരച്ച് കണ്‍തടങ്ങളില്‍ പുരട്ടിയശേഷം പത്ത് മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം. ഉരുളക്കിഴങ്ങ് വട്ടത്തില്‍ അരിഞ്ഞെടുത്ത് കണ്ണില്‍ വയ്ക്കുന്നതും ഫലപ്രദമാണ്.
വെള്ളരിക്ക വട്ടത്തില്‍ അരിഞ്ഞ് കണ്ണിനു ചുറ്റും വയ്ക്കുക. ഇത് സ്ഥിരമായി ചെയ്യുന്നത് കണ്ണിനു ചുറ്റുമുള്ള കറുത്തപാട് അകറ്റാന്‍ സഹായിക്കും. ഒരു ടീസ്പൂണ്‍ തക്കാളി ജ്യൂസ് അല്‍പ്പം നാരങ്ങാ നീരുമായി ചേര്‍ത്ത് കണ്ണിനു ചുറ്റും പുരട്ടുക. പത്തു മിനിറ്റിനു ശേഷം കഴുകി കളയുക. കറുത്തപാടുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്. ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിലേയ്ക്ക് അല്‍പ്പം പാല്‍ കൂടി ചേര്‍ത്തിളക്കി യോജിപ്പിക്കാം. ഇത് കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകളില്‍ പുരട്ടി പത്തു പതിനഞ്ച് മിനിറ്റിനു ശേഷം കഴുകി കളഞ്ഞോളൂ. കണ്ണിനു ചുറ്റുമുള്ള കറുത്തപാടുകള്‍ കുറയ്ക്കുന്നതിനു സഹായിക്കുന്ന വിറ്റാമിന്‍ കെ, വിറ്റാമിന്‍ എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. കിടക്കുന്നതിനു മുമ്പായി അല്‍പ്പം ബദാം എണ്ണ കണ്ണിനു ചുറ്റും മസാജ് ചെയ്തു കൊടുക്കുന്നത് ഫലപ്രദമായിരിക്കും. പാലില്‍ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ഒരു മികച്ച എക്‌സ്‌ഫോളിയേറ്ററാണ്. ഇത് ചര്‍മ്മത്തെ തിളക്കമുള്ളതാക്കുന്നു. തണുത്ത പാലില്‍ മുക്കിയ പഞ്ഞി പത്തോ പതിനഞ്ചോ മിനിറ്റ് കണ്ണിനു മുകളില്‍ വെയ്ക്കാം. രണ്ട് ഗ്രീന്‍ ടീ ബാഗ് ചൂടുവെള്ളത്തില്‍ മുക്കി വെച്ചതിനു ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കുക. തണുത്തതിനു ശേഷം കണ്ണിനു മുകളിലായി വെയ്ക്കുക. പതിനഞ്ച് മിനിറ്റ് വിശ്രമിക്കുക. ശേഷം തണുത്തവെള്ളത്തില്‍ മുഖം കഴുകാം. രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേക്ക് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം കണ്ണിന് ചുറ്റും പുരട്ടുക. 20 മിനിറ്റിനു ശേഷം കഴുകി കളയാം.