കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്ക് പോകുമ്പോൾ ഭാഷയ്ക്കും സംസ്കാരത്തിനും ഒപ്പം പ്രകൃതിയും മാറും. എന്നാൽ മധുരയിൽ നിന്നും മേളൂർക്ക് പോകുന്ന വഴിയിൽ ഹൈവേക്ക് അരികിലായി മലയാളികൾക്ക് പോലും അത്ര പരിചിതമല്ലാത്ത ഒരു മലയാളി ഗ്രാമമുണ്ട്. ‘മലയാളത്താൻ പട്ടി’ എന്ന മനോഹര ഗ്രാമം. പേര് കേൾക്കുമ്പോൾ അല്പം ആശ്ചര്യം തോന്നുമെങ്കിലും ഈ ഗ്രാമത്തിന് മലയാളികളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നമ്മൾ സംശയിക്കും. എന്നാൽ ഇവിടെ ഇപ്പോഴും മലയാളികൾ താമസിക്കുന്നുണ്ട് എന്നതാണ് സത്യം. ശരിക്കും ഒരു മലയാളി ഗ്രാമം തന്നെയായിരുന്ന ഇവിടെ ഇപ്പോൾ താമസിക്കുന്നത് 20 മലയാളി കുടുംബങ്ങൾ മാത്രമാണ്. ഈ ഗ്രാമങ്ങളിലെ മലയാളി കുടുംബങ്ങളുടെ വേരുകൾ അത്രയും പട്ടാമ്പിയിലും ചെറുപ്പുളശ്ശേരിയിലും ചിറ്റൂരിലും ഒക്കെയാണ്. ഇവിടെ മലയാളികൾ എത്തിയതിന് പിന്നിലും ഇവിടം മലയാളി ഗ്രാമമായതിന് പിന്നിലും രസകരമായ ഒരു കഥയുണ്ട്. കേരളത്തിൽ നിന്നും രാമേശ്വരത്തേക്ക് പോയ കേളുണ്ണിനായർ മധുരയ്ക്ക് സമീപമുള്ള മനോഹരമായ ഭൂമി കണ്ടപ്പോൾ അവിടെ കൃഷി ഇറക്കാൻ ആഗ്രഹിച്ചു. അങ്ങനെ 150 ഏക്കറോളം ഭൂമി ലേലത്തിൽ വാങ്ങി തന്റെ സുഹൃത്തായ ശങ്കരൻ നായരെയും കൂട്ടി കാടുപിടിച്ചു കിടന്ന സ്ഥലം കഷ്ടപ്പെട്ട് വെട്ടിത്തെളിച്ച് അവിടെ കൃഷിയിറക്കി. അങ്ങനെ കേളുണ്ണിനായരുയുടെയും ശങ്കരൻ നായരുടെരുടെയും ഇഷ്ടഭൂമിയായ ഇവിടം മലയാളി ഗ്രാമമായി അതിനവർ ‘മലയാളത്താൻപട്ടി’ എന്ന പേരുമിട്ടു. കേളുണ്ണിനായരുടെ മരണശേഷം കുടുംബം അവിടം വിട്ടു പോയെങ്കിലും തങ്ങൾ അധ്വാനിച്ചുണ്ടാക്കിയ ഭൂമിയിൽ നിന്നും തിരികെ പോരാൻ ശങ്കരൻ നായരുടെ മനസ് അനുവദിച്ചില്ല. അങ്ങനെ അയാൾ ഓർമ്മകളുമായി അവിടെതന്നെ തുടർന്നു. അദ്ദേഹത്തിന്റെ നാലാമത്തെ തലമുറയാണ് ഇപ്പോൾ ഈ മലയാളി ഗ്രാമത്തിൽ ഉള്ളത്. ഇവിടെയുള്ള മിക്കവരുടെയും ഉപജീവനമാർഗ്ഗം കൃഷിയും കാലി വളർത്തലും തന്നെയാണ്. എപ്പോഴെങ്കിലും മധുരയിൽ നിന്ന് മേളൂർ വഴി ഒരു യാത്ര ചെയ്യുന്നുണ്ടെങ്കിൽ മലയാളത്തനിമ പേറുന്ന തമിഴകത്തെ ഈ ഗ്രാമഭംഗി ആസ്വദിക്കാവുന്നതാണ്.