തിന്മയ്ക്ക് മേൽ നന്മയുടെ, അന്ധകാരത്തിനു മേൽ വെളിച്ചത്തിന്റെ വിജയം ആഘോഷിക്കുകയാണ് ഇന്ന് ദീപാവലിയിലൂടെ ഭാരതം മുഴുവനും. എന്നാൽ രാജ്യം മുഴുവൻ പ്രകാശ പൂരിതമാകുമ്പോൾ അതിൽ നിന്നും വിട്ടു നിൽക്കുന്ന ഒരു ഗ്രാമമുണ്ട് അങ് ഹിമവാന്റെ താഴ്‌വരയിൽ. അതും ഒരു ശാപം കാരണം.ഹിമാചൽ പ്രദേശിലെ ഹാമിർപൂർ ജില്ലയിലെ സമ്മൂ ഗ്രാമത്തിലാണ് രാജ്യത്തെ മറ്റ് പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി ദീപാവലി ആഘോഷങ്ങളൊന്നും നടക്കാത്തത്. പണ്ടു മുതലേ അവർ പിന്തുടരുന്ന ആചാരമാണിത്. തലമുറകൾക്ക് മുമ്പ് ദീപാവലി ദിവസത്തിൽ സതി ചെയ്ത ഒരു സ്ത്രീയുടെ ശാപം ഭയന്നാണ് ഗ്രാമീണർ ഇന്നും ദീപാവലി ആഘോഷങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നത്.വർഷങ്ങൾക്കുമുമ്പ്, ദീപാവലി ആഘോഷിക്കാൻ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയതായിരുന്നു ഗ്രാമത്തിലെ ഒരു സ്ത്രീ. മാർഗ്ഗമധ്യേയാണ് രാജാവിൻ്റെ കൊട്ടാരത്തിലെ സൈനികനായിരുന്ന ഭർത്താവ് മരിച്ചുവെന്ന് വാർത്ത അവർക്ക് ലഭിച്ചത്.
ഗര് ഗർഭിണിയായ യുവതിക്ക് ഈ വാർത്ത സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു. കനത്ത നിരാശയിൽ സതി അനുഷ്ഠിച്ച് ആത്മാഹുതി ചെയ്ത അവർ, വളരെ പ്രിയപ്പെട്ട ഒരു സമയത്ത് തനിക്ക് നഷ്ടപെട്ട ഈ ദീപാവലി ദിനം ഗ്രാമവാസികൾക്കും ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ എന്ന് ശപിച്ചു.അതിനുശേഷം ഈ ഗ്രാമത്തിൽ ഒരിക്കലും ദീപാവലി ആഘോഷിച്ചിട്ടില്ലെന്ന് നിവാസികൾ പറയുന്നു.വീടുകളിൽ വെളിച്ചമില്ല, ദീപാവലി ആഘോഷങ്ങളിൽ ഗ്രാമത്തിൽ പടക്കങ്ങളുടെ ശബ്ദങ്ങൾ കേൾക്കില്ല.ഏത് ആഘോഷവും ശുഭസൂചനകളല്ലെന്നും ഗ്രാമവാസികൾക്ക് നിർഭാഗ്യവും ദുരന്തവും മരണവും ക്ഷണിച്ചുവരുത്തുമെന്നും മുതിർന്നവർ ചെറുപ്പക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആഘോഷങ്ങളൊന്നുമില്ലാതെ 70-ലധികം ദീപാവലിക്ക് സാക്ഷ്യം വഹിച്ച മറ്റൊരു ഗ്രാമത്തിലെ മൂപ്പൻ പറയുന്നു, ആരെങ്കിലും ദീപാവലി ആചരിക്കാൻ ശ്രമിക്കുമ്പോഴെല്ലാം എന്തെങ്കിലും നിർഭാഗ്യമോ നഷ്ടമോ സംഭവിക്കുന്നു.“നൂറുകണക്കിന് വർഷങ്ങളായി ആളുകൾ ദീപാവലി ആഘോഷിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ദീപാവലി ദിനത്തിൽ, ഒരു കുടുംബം അബദ്ധത്തിൽ പോലും പടക്കം പൊട്ടിച്ച് വീട്ടിൽ വിഭവങ്ങൾ ഉണ്ടാക്കിയാൽ, ദുരന്തം ഉറപ്പാണ്,”താൻ വിവാഹം കഴിച്ച് ഈ ഗ്രാമത്തിൽ വന്നതിന് ശേഷം ദീപാവലി ആഘോഷിക്കുന്നത് കണ്ടിട്ടില്ലെന്ന് ഭോരഞ്ച് പഞ്ചായത്ത് പ്രധാൻ പൂജാ ദേവി മാദ്ധ്യമങ്ങളോട് പറഞ്ഞു.
“ഗ്രാമവാസികൾ പുറത്ത് താമസമാക്കിയാലും സ്ത്രീയുടെ ശാപം അവരെ വിട്ടുപോകില്ല, കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഇവിടെ നിന്ന് മാറിപ്പോയ ഒരു കുടുംബം ദീപാവലിക്ക് നാടൻ വിഭവങ്ങൾ തയ്യാറാക്കുന്നതിനിടെയാണ് വീടിന് തീപിടിച്ചത്.യുവതലമുറകൾ ഈ വിശ്വാസത്തിൽ നിന്ന് മോചനം നേടാനുള്ള ആഗ്രഹം പ്രകടിപ്പിക്കുമ്പോഴും മുൻതലമുറകളുടെ മോശം അനുഭവങ്ങൾ അവരെ അതിൽ നിന്നും പിന്തിരിപ്പിക്കുകയാണ്.
STORY HIGHLLIGHTS : the-curse-of-a-woman-who-died-generations-ago-a-village-without-a-celebration-for-centuries