തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ(കെടിയു) താൽക്കാലിക വിസി നിയമനം നടക്കാത്ത സാഹചര്യത്തിൽ സ്ഥിരം വിസി നിയമനത്തിനു വിജ്ഞാപനവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്. 10 വർഷത്തെ പ്രഫസർഷിപ്പോ അക്കാദമിക മേഖലയിലെ ഭരണപരമായ തസ്തികയിൽ 10 വർഷത്തെ മുൻപരിചയമോ വേണം. 61 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.
സിലക്‌ഷൻ കമ്മിറ്റി മാർക്കിന്റെ അടിസ്ഥാനത്തിൽ പാനൽ തയാറാക്കി ചാൻസലർക്കു കൈമാറും. ഇതിൽ നിന്നു വേണം ചാൻസലർ വിസിയെ തിരഞ്ഞെടുക്കാൻ. ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസിയായിരുന്ന ഡോ.സജി ഗോപിനാഥിന്റെ കാലാവധി കഴിഞ്ഞതോടെയാണു അദ്ദേഹം അധിക ചുമതല വഹിച്ചിരുന്ന സാങ്കേതിക സർവകലാശാലയ്ക്കും വിസി ഇല്ലാതായത്.
താൽക്കാലിക വിസി നിയമനത്തിനു 3 പേരുടെ പാനൽ സർക്കാർ തയാറാക്കിയെങ്കിലും ഗവർണർ അതിൽ നിന്നു നിയമനം നടത്താൻ തയാറായിരുന്നില്ല. വിസി നിയമനത്തിനു സംസ്ഥാന സർക്കാർ നേരത്തെ അഞ്ചംഗ സെർച്ച് കമ്മിറ്റിക്കു രൂപം നൽകിയിരുന്നു. വിസി നിയമന വിഷയത്തിൽ നിയമോപദേശം വേണമെന്ന നിലപാടിലാണു ഗവർണർ.