തൃശൂര്‍: വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം. വോട്ട് പിടിക്കാൻ പരമാവധി നേതാക്കൾ കളത്തിലിറങ്ങും. വൈകുന്നേരം നാലരയോടെ കൊട്ടിക്കലാശത്തിനായി സ്ഥാനാർഥികളും പ്രവർത്തകരും ചേലക്കര ബസ്റ്റാൻഡ് പരിസരത്തെത്തും. പാലക്കാട് ഇന്ന് യുഡിഎഫിന്റെയും ബിജെപിയുടെയും ട്രാക്ടര്‍ മാര്‍ച്ചുകളും നടക്കും. വയനാട്ടില്‍ കൊട്ടികലാശം കളറാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയ്ക്കൊപ്പം രാഹുൽ ഗാന്ധിയും റോഡ് ഷോയിൽ പങ്കെടുക്കും. രണ്ടിടത്തും ഇരുവരും ഒന്നിച്ച് റോഡ് ഷോയ്ക്കെത്തും.
അതേസമയം ചേലക്കരയിലും വയനാടും ഇന്ന് കൊട്ടിക്കലാശം നടക്കുമ്പോൾ പാലക്കാട് സ്ഥാനാർഥികൾ പ്രചാരണം തുടരും. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിൽ പ്രചരണം നടത്തും. കെ മുരളീധരനും ഇന്ന് മണ്ഡലത്തിൽ തുടരും. രാവിലെ നടക്കുന്ന കർഷകരുടെ ട്രാക്ടർ റാലിയിലാണ് മുരളീധരൻ പങ്കെടുക്കുക. കെ. സുരേന്ദ്രൻ്റെ നേതൃത്വത്തിൽ ബിജെപിയുടെ ട്രാക്ടർ റാലിയും നടക്കും. നഗരസഭാ മേഖലയിലാണ് ആണ് എല്‍ഡിഎഫ് സ്ഥാനാർത്ഥി പി.സരിന്റെ പ്രചരണ പരിപാടികൾ. ബിജെപി സ്ഥാനാർത്ഥിയുടെ കുടുംബയോഗങ്ങളും ഇന്ന് നടക്കും. കെ. സുരേന്ദ്രനും കുടുംബയോഗങ്ങളിൽ പങ്കെടുക്കും.