രുചികരമായ ഒരു ബീഫ് അച്ചാർ റെസിപ്പി നോക്കിയാലോ? വളരെ രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു അച്ചാർ.
ആവശ്യമായ ചേരുവകൾ
- ബീഫ്
- കാശ്മീരി ചില്ലി പൗഡർ
- മഞ്ഞൾ പൊടി
- ഉപ്പ്
- ഗരംമസാല
- വെളിച്ചെണ്ണ
- കറിവേപ്പില
- ഇഞ്ചി
- വെളുത്തുള്ളി
- മുളകുപൊടി
- കുരുമുളകുപൊടി
- കായപ്പൊടി
- ഉണ്ടമുളക്
- പച്ചമുളക്
- വിനാഗിരി
തയ്യാറാക്കുന്ന വിധം
അച്ചാർ തയ്യാറാക്കുന്നതിനായി 2 കിലോ ബീഫ് ആണ് എടുത്തിരിക്കുന്നത്. ഇത് വലിയ കഷണങ്ങളായി തന്നെ വേവിച്ചെടുക്കണം. ഒരു കുക്കറിലേക്ക് ചേർത്ത് കൊടുത്ത ശേഷം നാല് ടീ സ്പൂൺ കാശ്മീരി ചില്ലി പൗഡറും, അര ടീസ്പൂൺ മഞ്ഞൾ പൊടിയും, ആവശ്യത്തിന് ഉപ്പും ചേർക്കാം, ഒരു ടേബിൾ സ്പൂൺ ഗരംമസാലയും ചേർത്തുകൊടുത്തു ബീഫിൽ നന്നായി തേച്ചുപിടിപ്പിച്ചതിനുശേഷം കുക്കർ മൂടി അഞ്ചോ ആറോ വിസിൽ വേവിച്ചെടുക്കുക. വെന്തു വന്നതിനുശേഷം ബീഫിനെ ചെറിയ കഷണങ്ങളായി മുറിച്ചുമാറ്റാം.
ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ബീഫ് കഷണങ്ങൾ ചേർത്തു കൊടുത്ത് നന്നായി ഫ്രൈ ചെയ്ത് എടുക്കണം, ബീഫ് ഫ്രൈ ചെയ്തു കഴിഞ്ഞാൽ അത് മാറ്റിയതിന് ശേഷം എണ്ണയിലേക്ക് കറിവേപ്പില ചേർത്ത് കൊടുക്കുക. അടുത്തതായി ചതച്ചു വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കാം, എല്ലാം നന്നായി വഴന്നു വന്നാൽ തീ കുറച്ചുവെച്ച് നാല് ടേബിൾ സ്പൂൺ മുളകുപൊടി ചേർത്തുകൊടുത്ത നല്ലതുപോലെ യോജിപ്പിക്കുക. കൂടെ ഒരു ടീസ്പൂൺ കുരുമുളകുപൊടിയും അര ടീസ്പൂൺ കായപ്പൊടിയും ചേർക്കാം.
എല്ലാം നന്നായി മിക്സ് ചെയ്തതിനു ശേഷം ഇതിലേക്ക് ബീഫ് വേവിച്ച വെള്ളം അല്പം ചേർത്തു കൊടുക്കാം. ഇത് നന്നായി വറ്റി വരുമ്പോൾ ഉണക്കമുളകും, രണ്ടു പച്ചമുളകും ചേർത്തു കൊടുക്കാം, എല്ലാം യോജിപ്പിച്ച് കഴിഞ്ഞാൽ ഫ്രൈ ചെയ്ത ബീഫ് കഷണങ്ങൾ ചേർത്തു കൊടുക്കാം. പാകത്തിന് ഉപ്പ് ചേർക്കാം, 1 മുക്കാൽ കപ്പ് വിനാഗിരി കൂടി ഒഴിച്ച് നന്നായി മിക്സ് ചെയ്ത് തിളപ്പിക്കുക. ഇത് നന്നായി തിളച്ച് കട്ടിയായി വരുമ്പോൾ തീ ഓഫ് ചെയ്യാം ചൂടാറി കഴിയുമ്പോൾ ഒരു ഗ്ലാസ് ജാറിൽ സൂക്ഷിക്കാം.