പ്രശസ്തമായ ന്യൂയോർക്ക് ടെക്സ്റ്റാർസ് അക്സലറേറ്റർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ കമ്പനിയായി എൻഗേജ്സ്പോട്ട്. ലോകമെമ്പാടും നിന്ന് തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് കമ്പനികളിൽ ഒന്നായാണ് തിരുവനന്തപുരത്ത് നിന്നുള്ള ഡെവലപ്പർ ടൂൾ സ്റ്റാർട്ട് അപ്പായ എൻഗേജ്സ്പോട്ട് അഭിമാനമായത്. ടെക്സ്റ്റാർസിൽ നിന്നും മറ്റ് നിക്ഷേപകരിൽ നിന്നുമായി കമ്പനി രണ്ട് കോടി രൂപയുടെ ഫണ്ടിങ്ങും സ്വന്തമാക്കി. ബിസിനസ് കമ്യൂണിക്കേഷൻ രംഗത്ത് പ്രവർത്തിക്കുന്ന എൻഗേജ്സ്പോട്ട് പതിനൊന്ന് മാസം മുൻപാണ് ആരംഭിച്ചത്. വിവിധ ആപ്പുകളിലെ നോട്ടിഫിക്കേഷനുകൾ കാര്യക്ഷമമായി വികസിപ്പിക്കാൻ സഹായിക്കുന്ന ഫ്ലാറ്റ്‌ഫോം ആണിത്. ശിവശങ്കർ, ആനന്ദ് സുകുമാരൻ, എസ്. അനന്തു എന്നിവർ ചേർന്നാണ് കമ്പനി സ്ഥാപിച്ചത്.
നോർത്ത് അമേരിക്കയിലേക്കും കമ്പനി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവർ. ടെക്സ്റ്റാർസിനു പുറമേ ഫ്രെഡ്കുക്ക്, ഗ്രേറ്റ് വാലി തുടങ്ങിയ ഏയ്ഞ്ചൽ ഇൻവെസ്റ്റേർസും എൻഗേജ്സ്പോട്ടിന് ഫണ്ടിങ് നൽകി. സംരംഭകരെ വിജയിക്കാൻ സഹായിക്കുന്ന ആഗോള ശൃംഖലയാണ് ടെക്സ്റ്റാർസ്. ടെക്സ്റ്റാർ സ്ഥാപകരും മറ്റ് സംരംഭകരും കോർപറേറ്റ് ശൃംഖലകളുമായി ചേർന്ന് കമ്പനികൾക്ക് ഫണ്ടിങ്ങ് മുതലായ നിരവധി അവസരങ്ങളൊരുക്കുന്നു. 4000 സ്റ്റാർട്ട് അപ്പുകളും 150 യൂനിക്കോണുകളുമാണ് നിലവിൽ ടെക്സ്റ്റാർസിന്റെ നെറ്റ് വർക്കിൽ ഉള്ളത്.