വിക്ടോറിയന്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ സൗത്ത് ഈസ്റ്റേണ്‍ മെട്രോപൊളിറ്റന്‍ റീജിയനിലെ ലേബര്‍ അംഗവും, ഒഎഎം എംപിയുമായ ലീ ടാര്‍ലാമിസുമായി കേരള നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ കൂടിക്കാഴ്ച നടത്തി. കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷനില്‍ പങ്കെടുക്കുന്നതിനു വേണ്ടി ഓസ്‌ട്രേലിയ സന്ദര്‍ശിച്ചപ്പോഴാണ് ഇരുവരും തമ്മില്‍കണ്ടത്.
ലീ ടാര്‍ലാമിസ്, അടുത്ത കാലത്ത് താന്‍ കേരളം സന്ദര്‍ശിച്ച അനുഭവം സ്പീക്കറുമായി പങ്കുവയ്ച്ചു. കേരളത്തിന്റെ സൗന്ദര്യത്തെയും സമ്പത്തിനെയും കുറിച്ചും, പ്രത്യേകിച്ച് കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ ഓസ്ട്രേലിയയിലും പ്രചരിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ ചര്‍ച്ചകളുടെ അനുഭവവും അദ്ദേഹം പങ്കുവെച്ചതായി സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു.
കേരളത്തിന്റെ പച്ചപ്പും, പുഴകളും, ബീച്ചുകളും, പൈതൃക സ്മാരകങ്ങളും, തനിമയുള്ള സംസ്‌കാരവും തന്നെ ഏറെ ആകര്‍ഷിച്ചതായും ഓസ്ട്രേലിയയിലെ ടൂറിസ്റ്റുകള്‍ക്ക് കേരളം അദ്ഭുതകരമായ അനുഭവം സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം സ്പീക്കറെ അറിയിച്ചു. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ലീ ടാര്‍ലാമിസ് സ്പീക്കറോട് സംസാരിക്കുകയുണ്ടായി.
കേരളത്തിലെ ഫിഷറീസ് മേഖലയും തുറമുഖ മേഖലയും കൈവരിച്ച മികവിനെക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞുവെന്ന് മാത്രമല്ല, ഫിഷറീസ് രംഗത്ത് കേരളവുമായി കൈ കോര്‍ക്കുവാന്‍ താല്‍പര്യം ഉള്ളതായും ലീ ടാര്‍ലാമിസ് സൂചിപ്പിക്കുകയുണ്ടായി.
അടുത്ത തവണ കേരളം സന്ദര്‍ശിക്കുമ്പോള്‍ കേരള മുഖ്യമന്ത്രിയുമായും, ഫിഷറീസ് വകുപ്പ് മന്ത്രിയുമായും കൂടിക്കാഴ്ച നടത്താനുള്ള ആഗ്രഹം അദ്ദേഹം സ്പീക്കറുമായി പങ്കുവച്ചു. അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും അനുഭവങ്ങളും നമ്മുടെ സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിനും ഏറെ ഉപകാരപ്രദമാകും എന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അഭിപ്രായപ്പെട്ടു.
CONTENT HIGHLIGHTS;Speaker AN Shamseer met with Victorian Legislative Council Labor Member MP Lee Tarlamis