എസി പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും നമ്മുടെ കാറിന്റേയോ മറ്റു കാറുകളുടേയോ അടിയില്‍ നിന്നും വെള്ളം ഇറ്റു വീഴുന്നതോ കാറിനുള്ളിലേക്കു തന്നെ വെള്ളം വരുന്നതോ ശ്രദ്ധിച്ചിട്ടുണ്ടോ? പല കാരണങ്ങളാല്‍ ഇതു സംഭവിക്കാമെങ്കിലും നിങ്ങളുടെ കാറിന്റെ എസി പരിശോധിപ്പിക്കാന്‍ സമയമായെന്നതിന്റെ സൂചന കൂടിയാണിത്. വെള്ളം കാറില്‍ നിന്നും ചോരുന്നുണ്ടെങ്കില്‍ സംഭവിച്ചേക്കാവുന്ന തകരാര്‍ സാധ്യതകളിലൊന്ന് കാറിന്റെ കണ്ടന്‍സേറ്റ് ഡ്രെയിന്‍ പൈപ്പിലെ തടസമാണ്. ഇത് പരിഹരിക്കണമെങ്കില്‍ വിദഗ്ധരെ കാണിക്കുകയാണ് ഏറ്റവും നല്ല പരിഹാരം. ഡ്രെയിന്‍ പൈപ്പിലെ തടസം നീക്കുന്നതോടെ എസി പ്രവര്‍ത്തിപ്പിക്കുമ്പോള്‍ വെള്ളം ചോരുന്നത് അവസാനിക്കുകയും ചെയ്യും.
കാറിന്റെ എസിയിലെ റെഫ്രിജറന്റിന്റെ ലെവല്‍ കുറഞ്ഞാലും പ്രശ്‌നമാണ്. ഇങ്ങനെ വരുമ്പോള്‍ എസി സിസ്റ്റത്തിന്റെ മര്‍ദം കുറയും. ഇതോടെ ഇവാപൊറേറ്റര്‍ കോയില്‍ തണുത്തുപോവുകയും വെള്ളം ചോര്‍ന്ന് പുറത്തേക്കു വരികയും ചെയ്യും. നിങ്ങളുടെ കാര്‍ എസിയില്‍ നിന്നും തണുത്ത കാറ്റിനു പകരം ചൂടുള്ള കാറ്റാണു വരുന്നതെങ്കില്‍ പൊതുവില്‍ ഇതു തന്നെയാവും കാരണം.
എസിയുടെ എയര്‍ ഫില്‍ട്ടര്‍ തടസപ്പെടുകയോ പൊടി നിറയുകയോ ചെയ്താലും കാര്‍ എസിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. സമയാസമയങ്ങളില്‍ സര്‍വീസ് ചെയ്യാതിരിക്കുമ്പോഴും ഇങ്ങനെ പ്രശ്‌നമുണ്ടാവാറുണ്ട്. പൊടി നിറയുന്നതോടെ കാറിന്റെ ഇവാപൊറേറ്റര്‍ കോയിലുകള്‍ തണുത്തുറയുകയും വെള്ളം പുറത്തേക്കു വരികയും ചെയ്യും. എയര്‍ഫില്‍റ്ററുകള്‍ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കുന്നുവെന്ന് ഉറപ്പിക്കുന്നത് ഈ പ്രശ്‌നം പരിഹരിക്കും. കണ്ടന്‍സേറ്റ് പൈപ്പും വെന്റിലേഷന്‍ സിസ്റ്റവും തമ്മിലുള്ള വയറിങ്ങിലെ അപാകതകളും വെള്ളം ചോരുന്നതിലേക്ക് നയിച്ചേക്കാം. വയറിങ്ങിലെ പ്രശ്‌നങ്ങള്‍ മൂലം ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനം കൃത്യതയോടെ നടക്കില്ല. വെള്ളം പുറത്തേക്കു പോവുന്നതിനു പകരം കാറിനുള്ളിലേക്ക് വെള്ളം വരുന്നതിനും ഇത് കാരണമാവാറുണ്ട്. വയറിങിലെ പ്രശ്‌നങ്ങളാണെങ്കില്‍ എളുപ്പത്തില്‍ തന്നെ പരിഹരിക്കാനും സാധിക്കും.