പടക്കനിരോധനം നടപ്പാക്കാത്തതിൽ പൊലീസിനെ വിമർശിച്ച് സുപ്രിം കോടതി. തലസ്ഥാനത്ത് വായുമലിനീകരണം അതിരൂക്ഷമായതിന് പിന്നാലെയാണ് കോടതിയുടെ വിമർശനം. സർക്കാരിന് നോട്ടീസ് നൽകിയതിന് പിന്നാലെ പൊലീസിനും കോടതി നോട്ടീസ് അയച്ചു. ദീപാവലി ആഘോഷത്തോടെ ഡൽഹിയിൽ വായുമലിനീകരണ തോത് അതീവ ഗുരുതരതലത്തിൽ എത്തിയിരുന്നു. 419 ആണ് വായുഗുണനിലവാര സൂചിക. നിരോധനം മറികടന്ന് പടക്കം പൊട്ടിച്ചതിന് ഡൽഹിയിൽ 19 പേർ മാത്രമാണ് അറസ്റ്റിലായിരുന്നത്.
അന്തരീക്ഷമലിനീകരണം അതീവഗുരുതരമായി തുടരുന്നതിനിടെ പടക്കം പൊട്ടിച്ച് ദീപാവലി കൂടെ ആഘോഷിച്ചതോടെയാണ് വായു ഗുണനിലവാരം ഗുരുതര വിഭാഗത്തിലായത്. ഡൽഹി സർക്കാർ പടക്കം പൊട്ടിക്കരുതെന്ന് കർശന നിർദേശം നൽകുകയും പൊലീസിൻറെ പ്രത്യേക പരിശോധന ഉണ്ടായിരുന്നെകിലും ഡൽഹിക്കാർ അതെല്ലാം കാറ്റിൽപ്പറത്തിയാണ് രാത്രി ദീപങ്ങൾക്കൊപ്പം പടക്കവും പൊട്ടിച്ചത്. ഹരിയാന, ഉത്തർപ്രദേശ് അതിർത്തികളിൽ നിന്നാണ് പടക്കം കൊണ്ടുവന്നത്.
പടക്കമില്ലാതെന്ത് ദീപാവലിയെന്നാണ് ഡൽഹിക്കാർ ചോദിക്കുന്നത്. വായു മലിനീകരണമുണ്ടെങ്കിലും വർഷത്തിലൊരിക്കലുള്ള ആഘോഷത്തിൽ പടക്കം പൊട്ടിക്കുന്നതിനു തെറ്റില്ലെന്നാണ് പലരുടെയും അഭിപ്രായം .സുപ്രിം കോടതി ഇടപെടലിനെ തുടർന്ന് 2017ലാണ് ആദ്യമായി പടക്ക നിരോധനം നടപ്പിലാക്കിയത്. 2020 മുതൽ എല്ലാ ശൈത്യകാലത്തും പടക്കങ്ങൾക്കു വിലക്ക് ഏർപ്പെടുത്തുന്നുണ്ട്. മലിനീകരം കുറയ്ക്കാൻ കൃത്രിമ മഴ പെയ്യിക്കാൻ ആവശ്യപ്പെട്ടിട്ട് കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ഡൽഹി സർക്കാർ ആരോപിച്ചു. അതേസമയം എഎപി രാഷ്ട്രീയം കളിക്കുകയാന്നെനും പഞ്ചാബിൽ വയ്‌ക്കോൽ കത്തിച്ച 108 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായും ബിജെപി ആരോപിച്ചു.