പരിപ്പുകറി കൂട്ടി ഭക്ഷണം കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. വളരെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാം എന്ന് മാത്രമല്ല, പരിപ്പുകറിയില്‍ പ്രോട്ടീനും അവശ്യപോഷകങ്ങളുമെല്ലാം ധാരാളമുണ്ട്. എല്ലാ ഇന്ത്യന്‍ അടുക്കളകളിലെയും ഒരു സ്ഥിരം വിഭവമാണ് പരിപ്പുകറി എന്ന് പറയാം. പരിപ്പ് വെള്ളത്തിലിട്ട് കുതിര്‍ത്തിയ ശേഷം, ഇലക്കറികള്‍ക്കൊപ്പമോ പച്ചക്കറികള്‍ക്കൊപ്പമോ ഇട്ടു വേവിച്ചാണ് സാധാരണ കറി ഉണ്ടാക്കുന്നത്. കുക്കറിലാണെങ്കില്‍ ഒന്നോ രണ്ടോ വിസില്‍ മതിയാകും. എന്നാല്‍ പരിപ്പുകറി മൈക്രോവേവ് ഓവനില്‍ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ? ഏറ്റവും സൗകര്യപ്രദമായ പാചക രീതികളിൽ ഒന്നാണ് ഇത്. പരമ്പരാഗത പാചക രീതികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് സമയം കുറച്ചുമതി. മാത്രമല്ല, ചട്ടിയും കുക്കറും കഴുകി മെനക്കെടേണ്ട.
ഇതിനായി ഒരു മൈക്രോവേവ് സേഫ് ബൗളിലേക്ക്, കുതിര്‍ത്തി കഴുകിയെടുത്ത പരിപ്പും വെള്ളവും ചേർക്കുക. മഞ്ഞള്‍പ്പൊടിയും ഉപ്പും ആവശ്യമുള്ള മസാലകളും ചേര്‍ക്കുക. ഇരുപതു മിനിറ്റ് വേവിക്കുക. ശേഷം ഇത് പുറത്തെടുത്ത് മാഷ് ചെയ്യുക. ആവശ്യമെങ്കില്‍ കടുക് പൊട്ടിച്ച് ഇതിലേക്ക് ചേര്‍ക്കാം. ഇതേപോലെ പരിപ്പ് ഉപയോഗിച്ചുള്ള ഏതു തരം കറികളും ഉണ്ടാക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ മറ്റു പാചകരീതികളെ അപേക്ഷിച്ച് കൂടുതല്‍ പോഷകങ്ങള്‍ നിലനിര്‍ത്തപ്പെടുന്നു. പോഷകങ്ങൾ നഷ്ടപ്പെടാതെ പാചകം ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച മാർഗ്ഗങ്ങളിലൊന്നാണ് മൈക്രോവേവ് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അധിക നേരം വേവിക്കാത്തത് കൊണ്ടുതന്നെ, വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങള്‍ സംരക്ഷിക്കപ്പെടുന്നു.
മൈക്രോവേവില്‍ ഉണ്ടാക്കുമ്പോള്‍ പരിപ്പിലെ കടുപ്പമുള്ള നാരുകളും കാർബോഹൈഡ്രേറ്റുകളും കൂടുതല്‍ മൃദുവാകുകയും ശരീരത്തിന് ദഹിപ്പിക്കാൻ എളുപ്പമാക്കുകയും ചെയ്യുന്നു. കൂടാതെ, ഇത് വൃത്തിയുള്ള പാചകരീതിയാണ്. മൈക്രോവേവിലെ ഉയർന്ന ചൂട് ഭക്ഷ്യജന്യ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു. ദോഷകരമായ ബാക്ടീരിയകള്‍ ഉണ്ടെങ്കില്‍ അവയെ കൊല്ലാന്‍ സഹായിക്കുന്നു.