സൗദിയിൽ പരിസ്ഥിതി നിയമലംഘനങ്ങൾക്ക് പിഴ കടുപ്പിച്ച് മന്ത്രാലയം. ലംഘനങ്ങൾക്ക് അൻപത് ലക്ഷം റിയാൽ വരെ പിഴയും വിദേശിയാണെങ്കിൽ നാടുകടത്തലിനും വിധേയമാക്കുമെന്ന് പരിസ്ഥിത, ജല, കൃഷി മന്ത്രാലയം വ്യക്തമാക്കി.
അനധികൃതമായി മാലിന്യം നിക്ഷേപിക്കൽ, മലിന ജലം പുറംതള്ളൽ, ഭൂഗർഭ കിണറുകളും ശുദ്ധജല തടാകങ്ങളും മലിനപ്പെടുത്തൽ, വശംനാശഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടലും വിൽപ്പന നടത്തലും, മരങ്ങൾ മുറിക്കൽ തുടങ്ങിയവക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറയിപ്പ് നൽകി.
പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന മരങ്ങളും കുറ്റിച്ചെടികളും വെട്ടിമാറ്റുക, അനധികൃതമായി വിറകും കരിയുൽപന്നങ്ങളും നിർമ്മിച്ച് വിൽപ്പന നടത്തുക, വാഹനങ്ങൾ സംരക്ഷിത മരുഭൂമികളിലേക്കും പാർക്കുകളിലേക്കും പ്രവേശിപ്പിക്കുക, സംരക്ഷിത പ്രദേശങ്ങളിൽ വസിക്കുന്ന മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുക, അനുമതിയില്ലാത്ത ഇടങ്ങളിൽ തീയിടുക, അനധികൃതമായി കാമ്പിംഗ് നടത്തുക, മാലിന്യങ്ങൽ അലക്ഷ്യമായി വലിച്ചെറിയുക തുടങ്ങിയവയും നിയമലംഘനങ്ങളിൽ ഉൾപ്പെടും.