മലപ്പുറത്തിന്റെ ഊട്ടി എന്നും മിനി ഊട്ടി എന്നും അറിയപ്പെടുന്ന കൊടികുത്തിമല, കേരളത്തിലെ വെട്ടത്തൂർ, താഴെക്കോട് ഗ്രാമങ്ങളിലെ ഒരു ഹിൽ സ്റ്റേഷനാണ് ഇവിടം. വറ്റാത്ത നീരുറവകൾ, സ്ഫടികം പോലെ തെളിഞ്ഞ വെള്ളച്ചാട്ടങ്ങൾ, മൂടൽമഞ്ഞ് നിറഞ്ഞ അന്തരീക്ഷം ഇതൊക്കെ തന്നെയാണ് കൊടികുത്തിമല. സമുദ്രനിരപ്പിൽ നിന്ന് 522 മീറ്റർ ഉയരത്തിൽ, അമ്മിണിക്കാടൻ കുന്നുകളിലെ ഏറ്റവും ഉയരം കൂടിയ ഇടം. മലയോര ഭൂപ്രദേശത്തിൻ്റെ ഭൂപ്രകൃതി കാരണം മലമുകളിലേക്കുള്ള ട്രെക്കിംഗ് അൽപ്പം വെല്ലുവിളി നിറഞ്ഞത് തന്നെയാണ്. എപ്പോഴും ഒഴുകുന്ന നീരുറവകളും വെള്ളച്ചാട്ടങ്ങളും കൂടാതെ, ഒരു വാച്ച് ടവറും സൂയ്സൈഡ് പോയിൻ്റും ഹിൽ സ്റ്റേഷനിലെ പ്രധാന ആകർഷണങ്ങളാണ്.
കൊടികുത്തിമല എന്ന പേരിനുപിന്നിൽ ഒരു രസകരമായ കഥയുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും വർഷങ്ങൾക്ക് മുൻപ് ഭൂമിശാസ്ത്ര സർവേ നടത്തിയ ഉദ്യോഗസ്ഥർ സമീപത്തെ ഏറ്റവും ഉയർന്ന സ്ഥലമായി കൊടികുത്തിമലയെ അടയാളപ്പെടുത്തി ഇവിടെ കൊടി ഉയർത്തി. അങ്ങനെ ഇവിടം കൊടികുത്തിമലയായി. പേരിനു പിന്നിലെ കൗതുകം മാത്രമല്ല കാഴ്ചകളും നിരവധിയുണ്ട് ഇവിടെ. മുകളിൽ എത്തുമ്പോൾ, പ്രകൃതിയുടെ വിവിധ ഘട്ടങ്ങൾ നമുക്ക് അനുഭവിച്ചറിയാൻ കഴിയും. നേരിയ ചാറ്റൽ മഴ, ഇളം വെയിൽ, മൂടൽമഞ്ഞ് അങ്ങനെ അങ്ങനെ. അതിമനോഹരമായ ഒരു വിഷ്വൽ ട്രീറ്റ് തന്നെയായിരിക്കും കൊടികുത്തിമല നമുക്ക് സമ്മാനിക്കുക.