ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കാരണം ഒരു ദിവസത്തെ മുഴുവൻ ഊർജ്ജം നിലനിർത്തുന്നതിന് അനിവാര്യമായ ഒന്നാണ് പ്രഭാതഭക്ഷണം. എന്നാൽ പലപ്പോഴും പല തിരക്കുകൾ കൊണ്ടും പ്രഭാതഭക്ഷണം ഒഴിവാക്കുകയും എന്തെങ്കിലും കഴിച്ചെന്ന് വരുത്തുകയും ചെയ്യുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇങ്ങനെ ചെയ്യുന്നത് ശാരീരിക മാനസിക ആരോഗ്യത്തെ വലിയ രീതിയിൽ പ്രതികൂലമായി ബാധിക്കും. ദീർഘകാലം പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് അമിത ദേഷ്യം, ഉത്കണ്ഠ, വിഷാദം എന്നിവയിലേക്ക് നയിച്ചേക്കാം. സ്ത്രീകളിലും പെൺകുട്ടികളിലുമാണെങ്കിൽ ക്രമം തെറ്റിയ ആർത്തവത്തിനും ഇത് കാരണമാകുന്നു. ഭാരം കുറയ്ക്കൽ, പ്രമേഹ സാധ്യത കുറയ്ക്കൽ തുടങ്ങിയ ഒരു ഗുണവും പ്രഭാതഭക്ഷണം ഒഴിവാക്കിയതുകണ്ട് ഉണ്ടാകുന്നില്ല. പ്രഭാതഭക്ഷണം കഴിക്കുന്നതിനും ചില സമയക്രമം ഉണ്ട്. എഴുന്നേറ്റ് ഒരു മണിക്കൂറിനുളളിൽ തന്നെ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം. അതും പോഷകസമ്പന്നമായ ആഹാരം തന്നെ കഴിക്കണം. പാൽ, മുട്ട, പയർവർഗങ്ങൾ എന്നിവ ഉൾപ്പെടുത്താം. രാവിലെ നല്ലതുപോലെ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.