ചരിത്രയിടങ്ങളുടെയും കാഴ്ചകളുടെയും ഒരു ഖനിയാണ് തലസ്ഥാനമായ ഡല്‍ഹി. ഇന്ത്യാ ഗേറ്റ്, കുത്തബ് മിനാർ, രാഷ്ട്രപതി ഭവൻ, ജമാ മസ്ജിദ്, രാജ് ഘട്ട്, പുരാന ഖ്വില എന്നിങ്ങനെ സഞ്ചാരികള്‍ക്ക് പരിചിതമായ ഇടങ്ങൾ കൂടാതെ, അധികമാരാലും അറിയപ്പെടാത്ത നിരവധി സ്ഥലങ്ങളും ഇവിടെയുണ്ട്. പലപ്പോഴും ഇങ്ങനെയുള്ള ഇടങ്ങൾ തേടിപ്പോകണമെന്ന് ആഗ്രഹിച്ചാലും അത് സാധിക്കാറില്ല. എന്നാലിതാ, ഡല്‍ഹിയുടെ കാണാത്ത ചരിത്രക്കാഴ്ചകളിലേക്ക് ഒരു യാത്ര ഒരുക്കുകയാണ് ഡല്‍ഹി ടൂറിസം വകുപ്പ്.
ഡല്‍ഹിയുടെ സമ്പന്നമായ ചരിത്രവും ചരിത്രയിടങ്ങളും പ്രോത്സാഹിപ്പിക്കുക, അധികമാകരും കാണാത്ത ഇടങ്ങൾ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഡൽഹി ടൂറിസത്തിന്‍റെ ‘ഹെറിറ്റേജ് വാക്ക് ഫെസ്റ്റിവൽ’ തുടങ്ങിക്കഴിഞ്ഞു. മുൻപെങ്ങുമില്ലാത്ത വിധത്തില് ഡൽഹിയുടെ പൗരാണികതയ്ക്കും ചരിത്രത്തിനും ലഭിക്കുന്ന പ്രാധാന്യം കണക്കിലെടുത്ത്, ഡൽഹിയുടെ അറിയപ്പെടാത്ത ചരിത്രയിടങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണ് ഉദ്ദേശം.
പല തവണയായി ഡൽഹിയിൽ ഹെറിറ്റേജ് വാക്ക് നടത്തിയിട്ടുണ്ടെങ്കിലും അിൽ നിന്നെല്ലാം വ്യത്യസ്തമായി ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലുതാണ് ഈ വർഷത്തെ ഹെറിറ്റേജ് വാക്ക് ഫെസ്റ്റിവൽ എന്നാണ് റിപ്പോർട്ടുകൾ. ഡൽഹി നഗരത്തിന് ചുറ്റിലുമുള്ള 100 ചരിത്രയിടങ്ങളാണ് ഇത്തവണ പര്യവേക്ഷണം ചെയ്യാനുള്ളത്. ഡൽഹിയുടെ അത്ര അറിയപ്പെടാത്ത പൈതൃക സ്ഥലങ്ങളെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും യോജിച്ച അവസരം കൂടിയാണിത്.ഹെറിറ്റേജ് വാക്ക് ഫെസ്റ്റിവൽ എന്നു കേൾക്കുമ്പോൾ ആർക്കൊക്കെ പങ്കെടുക്കാം എന്ന സംശയമുണ്ടോ?
നിങ്ങൾ ഒരു സഞ്ചാരിയോ ചരിത്രകാരനോ ഒന്നുമല്ലെങ്കിലും നിങ്ങൾക്ക് ഇതിൽ പങ്കെടുക്കാം, എല്ലാവർക്കും വേണ്ടി ഒരുപോലെ രൂപകല്പന ചെയ്തതാണ് ഈ ഹെറിറ്റേജ് വാക്ക്. ഡല്‍ഹിയുടെ അറിപ്പെടാത്ത് കാഴ്ചൾ കാണാനും ചരിത്രം മനസ്സിലാക്കുവാനുമെല്ലാം ആഗ്രഹമുള്ളവർക്ക് ധൈര്യമായി ഇതിൽ പങ്കെടുക്കാം. നിങ്ങൾ ഡൽഹിയിൽ ആദ്യമായി വരുന്ന ആളാണെങ്കിലും വർഷങ്ങളായി ഡൽഹിയിൽ ജീവിക്കുന്ന ആളാണെങ്കിലും നിങ്ങളെ നിരാശപ്പെടുത്താത്ത കാഴ്ചകൾ ഇവിടെയുണ്ട്.
STORY HIGHLLIGHTS : Unknown Historical Places of Delhi