15 വയസുള്ള സൗദി പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിനെ സന്ദര്‍ശിച്ച് ഉമ്മയും ബന്ധുക്കളും. ഉമ്മ ഫാത്തിമ, സഹോദരന്‍, അമ്മാവന്‍ എന്നിവരാണ് റഹീമിനെ റിയാദ് അല്‍ഖര്‍ജ് റോഡിലെ അല്‍ ഇസ്‌ക്കാന്‍ ജയിലില്‍ എത്തി കണ്ടത്. കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു. ഇന്ത്യന്‍ എംബസിയിലും റഹീമിന്റെ ഉമ്മ എത്തിയിരുന്നു. 18 വര്‍ഷത്തിനിടെ ആദ്യമായാണ് റഹിം കുടുംബത്തെ കാണുന്നത്. സ്‌പോണ്‍സറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ കൊലപ്പെടുത്തിയ കേസില്‍ 18 വര്‍ഷമായി അബ്ദുല്‍ റഹീം ജയിലില്‍ കഴിയുകയാണ്. 15 വയസുള്ള സൗദി പൗരന്‍ അനസ് അല്‍ശഹ്രിയാണ് കൊല്ലപ്പെട്ടത്. ഈ കേസിലാണ് അബ്ദുല്‍ റഹീമിന് കോടതി വധശിക്ഷ വിധിച്ചത്. ഏറെക്കാലത്തെ അപേക്ഷയ്ക്ക് ശേഷമാണ് 15 മില്യണ്‍ റിയാല്‍ (34 കോടി രൂപ) ബ്ലഡ് മണിയായി നല്‍കിയാല്‍ അബ്ദുറഹീമിന് മാപ്പ് നല്‍കാമെന്ന് അനസിന്റെ കുടുംബം അറിയിച്ചത്.
നേരത്തെ ജയിലിലെത്തി ആരും തന്നെ കാണേണ്ടല്ലെന്നായിരുന്നു റഹീമിന്റെ നിലപാട്.ഏറെ ശ്രമിച്ച ശേഷമാണ് കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചത്. ഉമ്മയെ ജയിലില്‍ വെച്ച് കാണാന്‍ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാതിരുന്നതെന്നാണ് റഹീം അന്ന് പ്രതികരിച്ചത്. ഉമ്മയുടെ മനസില്‍ ഇന്നും 18 വര്‍ഷം മുമ്പ് സൗദിയിലേക്ക് തിരിച്ചപ്പോഴുള്ള മകന്റെ മുഖമാണ്. അത് അങ്ങനെ തന്നെ ഉണ്ടാവട്ടെ എന്നാണ് ആഗ്രഹിക്കുന്നതെന്ന് റഹീം പറഞ്ഞിരുന്നു.
റഹീമിന്റെ മോചന ഉത്തരവ് സംബന്ധിച്ച ഫയല്‍ ഈ മാസം 17നാണ് കോടതി പരിഗണിക്കുന്നത്. നേരത്തെ ഫയല്‍ പരിഗണിച്ച കോടതി ഇത് 17ലേക്ക് മാറ്റുകയായിരുന്നു. അന്ന് മോചനം സംബന്ധിച്ച് നിര്‍ണായക ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിനിടെയാണ് ഈ കൂടിക്കാഴ്ച.
ഡ്രൈവര്‍ ജോലിക്കായാണ് അബ്ദുല്‍ റഹീം റിയാദിലെത്തുന്നത്. എന്നാല്‍ ഡ്രൈവിംഗിനൊപ്പം ചലനശേഷിയില്ലാത്ത അനസിന്റെ പരിചരണമായിരുന്നു റഹീമിന്റെ പ്രധാന ചുമതല. കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവുമെല്ലാം നല്‍കിയിരുന്നത്.
അനസുമായി ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് വാഹനത്തില്‍ പോകുന്നതിനിടെ ട്രാഫിക് സിഗ്‌നല്‍ ലംഘിച്ച് പോകണമെന്ന അനസിന്റെ ആവശ്യം നിരസിച്ചതിന്റെ പേരില്‍ റഹീമുമായി വഴക്കായി. കാര്യം പറഞ്ഞു മനസിലാക്കാന്‍ശ്രമിച്ചപ്പോഴെല്ലാം അനസ് റഹീമിന്റെ മുഖത്ത് തുപ്പി. തടയാന്‍ ശ്രമിച്ചപ്പോള്‍ അബ്ദുല്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ അനസിന്റെ കഴുത്തില്‍ ഘടിപ്പിച്ചിരുന്ന ജീവന്‍രക്ഷാ ഉപകരണത്തില്‍ തട്ടി. ഇതോടെ കുട്ടി ബോധരഹിതനായി. ഇതോടെയാണ് റഹീമിനെതിരെ കുടുംബം തിരിയുന്നത്. പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീല്‍ കോടതികളും വധശിക്ഷ ശരിവെച്ചിരുന്നു.