ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം, 70 വയസ്സു കഴിഞ്ഞവർക്കുള്ള 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ റജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിൽ കേരളം മുന്നിൽ. റജിസ്ട്രേഷൻ ആരംഭിച്ച ആദ്യ ആഴ്ചത്തെ കണക്കാണിത്. രാജ്യത്താകെ 2.16 ലക്ഷം പേർ റജിസ്റ്റർ ചെയ്തതിൽ 73,193 പേരാണ് കേരളത്തിൽ നിന്നുള്ളത്. നിലവിൽ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അംഗങ്ങളായ 16,680 പേർ വീണ്ടും റജിസ്റ്റർ ചെയ്തിട്ടുണ്ട്. മധ്യപ്രദേശ് (45,305), യുപി (44,547) എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്.
ആയുഷ്മാൻ ഭാരത് പദ്ധതിയെ കേരളത്തിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) ലയിപ്പിച്ചാണു നടപ്പാക്കുന്നത്. സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങളിലെ 70 വയസ്സ് കഴിഞ്ഞ 26 ലക്ഷം പേർക്കാണ് പദ്ധതിയിൽ അംഗമാകാൻ അവസരം. ചികിത്സച്ചെലവിൽ 60% കേന്ദ്രവും 40% കേരളവും വഹിക്കും. ഇവരിൽ 9 ലക്ഷം പേർ ഉൾപ്പെടുന്ന കുടുംബങ്ങൾ നിലവിൽ കാസ്പിൽ അംഗങ്ങളാണ്.
ദേശീയ ആരോഗ്യ അതോറിറ്റിയുടെ വെബ്സൈറ്റിലോ (www.beneficiary.nha.gov.in) ആയുഷ്മാൻ ഭാരതിന്റെ മൊബൈൽ ആപ്ലിക്കേഷനിലോ ആധാറും മൊബൈൽ നമ്പറുമുപയോഗിച്ച് റജിസ്റ്റർ ചെയ്യാം. തുടർന്ന് ആയുഷ്മാൻ വയ വന്ദന കാർഡ് ഡൗൺലോഡ് ചെയ്യാം. ഈ ഹെൽത്ത് കാർഡ് ഉപയോഗിച്ചാണ് ആശുപത്രികളിൽനിന്നു സേവനം ലഭ്യമാകുക.