തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സീറ്റ് സംവരണത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. എന്താണ് ഇതിന്റെ യാഥാർഥ്യമെന്ന് നോക്കാം. കേരള മോട്ടർ വാഹന നിയമത്തിന്റെ 269(5) ചട്ടമനുസരിച്ച് കെഎസ്ആർടിസി ബസിൽ 25% സീറ്റുകളാണ് സ്ത്രീകൾക്ക് സംവരണം ചെയ്തിരിക്കുന്നവ. ബസ് സർവീസ് തുടങ്ങുമ്പോൾ സ്ത്രീകളുണ്ടെങ്കിൽ, സംവരണ സീറ്റുകൾ അവർക്ക് മാത്രമേ നൽകാവൂ. സ്ത്രീകളില്ലെങ്കിൽ പുരുഷൻമാർക്ക് ആ സീറ്റിൽ ഇരിക്കാം. രണ്ടിൽ കൂടുതൽ പേർക്ക് ഇരിക്കാവുന്ന സംവരണ സീറ്റിൽ ഒരു സ്ത്രീ മാത്രമാണ് ഇരിക്കുന്നതെങ്കിലും സമീപത്ത് പുരുഷൻ ഇരിക്കാൻ അനുമതി നൽകാൻ കണ്ടക്ടർക്ക് കഴിയില്ല. സീറ്റിലിരിക്കുന്ന സ്ത്രീയുടെ അനുമതിയോടെ മാത്രമേ പുരുഷൻ ഇരിക്കാൻ പാടുള്ളൂ എന്നാണ് വ്യവസ്ഥ.
ഓൺലൈൻ ബുക്കിങ്ങിലും സ്ത്രീകളുടെ സീറ്റ് പുരുഷൻമാർക്ക് ബുക്ക് ചെയ്യാനാകില്ല. എന്നാൽ ചില പുരുഷൻമാർ സ്ത്രീയെന്ന വ്യാജേന സംവരണ സീറ്റുകൾ ബുക്ക് ചെയ്യാറുണ്ട്. ഇത് കണ്ടക്ടർ കണ്ടെത്തിയാൽ സീറ്റ് നഷ്ടപ്പെടും. പകരം സീറ്റ് ലഭ്യമല്ലെങ്കിൽ യാത്ര ഉപേക്ഷിക്കേണ്ടിവരും. സ്ത്രീകളുടെ സീറ്റിൽ ആളില്ലെങ്കിൽ പുരുഷൻർക്ക് ഇരിക്കാമെങ്കിലും സ്ത്രീകൾ കയറുമ്പോൾ മാറിക്കൊടുക്കണം. കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്കുള്ള സംവരണ സീറ്റിൽ ഇരിക്കുന്ന പുരുഷൻമാരെ യാത്രാമധ്യേ എഴുന്നേൽപ്പിക്കാനികില്ലെന്ന കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും യാഥാർഥ്യം ഇതാണെന്ന് കെഎസ്ആർടിസി വൃത്തങ്ങൾ വ്യക്തമാക്കുന്നു.