കൊച്ചി: ശബരിമല ഇടത്താവളങ്ങളിൽ ക്രമീകരണങ്ങൾ പൂർത്തിയായെന്നു തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകളും ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റിയും ഹൈക്കോടതിയിൽ അറിയിച്ചു. ഇടത്താവളങ്ങളിൽ ഉൾപ്പെടെ വേണ്ട സൗകര്യങ്ങൾ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ചു ശബരിമല സ്പെഷൽ കമ്മിഷണറും റിപ്പോർട്ട് നൽകി. തീർഥാടകർക്ക് ഭക്ഷണം, വിശ്രമം, പാർക്കിങ്, ശുചിമുറി സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കണമെന്നു ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദേശം നൽകി.
തീർഥാടക പ്രവാഹം കണക്കിലെടുത്തു മുനിസിപ്പൽ ഓഫിസിന് എതിർഭാഗത്ത് ഇടത്താവളവും റെയിൽവേ സ്റ്റേഷനിൽ ഇൻഫർമേഷൻ കൗണ്ടറും ഒരുക്കിയതായി ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയും ക്രമീകരണങ്ങൾ പൂർത്തിയായെന്ന് എരുമേലി ഗ്രാമപഞ്ചായത്തും അറിയിച്ചു. മാസപൂജ സമയങ്ങളിൽ നിലയ്ക്കലിൽനിന്നു പമ്പ വരെ റോഡിന് ഇരുവശവും വാഹനങ്ങൾ അനധികൃതമായി പാർക്കു ചെയ്യുന്നുണ്ടെന്നു ചീഫ് പൊലീസ് കോഓർഡിനേറ്റർ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നു സർക്കാർ അറിയിച്ചിരുന്നു.
ചക്കുപാലം–2, ഹിൽടോപ് എന്നിവിടങ്ങളിൽ മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് വാഹന പാർക്കിങ് സംബന്ധിച്ചും ചീഫ് പൊലീസ് കോ–ഓർഡിനേറ്റർ സത്യവാങ്മൂലവും നൽകി. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് സമയം തേടി.