എറണാകുളം മുനമ്പത്തിനു പിന്നാലെ തൃശൂരിലെ ചാവക്കാട്ടും വഖഫ് ഭീഷണിയില്‍ പ്രദേശവാസികള്‍. വഖഫ് ബോര്‍ഡ് ഭൂമിയില്‍ അവകാശവാദമുന്നയിച്ചതോടെ ചാവക്കാട്ട് 200-ലധികം കുടുംബങ്ങളാണ് മുനമ്പത്തേതിന് സമാനമായ പ്രതിസന്ധി നേരിടുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ അനുകൂലമായ മറുപടി ലഭിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഇതേത്തുടര്‍ന്ന് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചാവക്കാട് തീരദേശവാസികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വില്ലേജ് ഓഫീസില്‍ നിന്ന് ഭൂമിയുടെ രേഖകള്‍ക്കായി നിരവധി താമസക്കാരാണ് കാത്തിരിക്കുന്നത്. എന്നാല്‍ വഖഫ് ബോര്‍ഡ് ഭൂമിയില്‍ അവകാശവാദം ഉന്നയിച്ചതിനാല്‍ റവന്യൂ അധികൃതര്‍ രേഖകള്‍ നല്‍കുന്നില്ല.
പെണ്‍മക്കളുടെ വിവാഹത്തിന് വായ്പയെടുക്കുന്നതിന് പ്രദേശവാസിയായ വലിയകത്ത് ഹനീഫ തന്റെ ആറ് സെന്റ് ഭൂമിയുടെ രേഖക്കായി അടുത്തിടെ മണത്തല വില്ലേജ് ഓഫീസിലെത്തി. എന്നാല്‍, ഭൂമി വഖഫ് ബോര്‍ഡിന്റേതായതിനാല്‍ രേഖകള്‍ നല്‍കാന്‍ കഴിയില്ലെന്ന് റവന്യൂ അധികൃതര്‍ ഹനീഫയോട് പറഞ്ഞു. നിലവില്‍ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്ക് ആര്‍ഒആര്‍ (റെക്കോര്‍ഡ് ഓഫ് റൈറ്റ്‌സ്) സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് നിര്‍ദേശമുണ്ടെന്ന് വില്ലേജ് ഓഫീസര്‍ വ്യക്തമാക്കി.