ഓവനും ഗ്രില്ലും ഒന്നുമില്ലാതെ റസ്റ്റോറൻറ്ൽ കിട്ടുന്ന അതെ രുചിയിൽ പെരി പെരി അൽഫഹം വീട്ടിൽ തയ്യാറാക്കിയാലോ? എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ചിക്കൻ
- മല്ലി
- കുരുമുളക്
- പെരുംജീരകം
- സാധാരണ ജീരകം
- ബേ ലീഫ്
- ഗ്രാമ്പൂ
- ഏലക്കായ
- കറുവപ്പട്ട
- വറ്റൽ മുളക്
- തക്കാളി
- സവാള
- വെളുത്തുള്ളി
- ഇഞ്ചി
- മല്ലിയില
- പുതിനയില
- തൈര്
- കാശ്മീരി ചില്ലി പൗഡർ
- ചെറുനാരങ്ങാനീര്
- സൺഫ്ലവർ ഓയിൽ
- ടൊമാറ്റോ കെച്ചപ്പ്
- ചില്ലി ഫ്ലെക്സ്
- കുരുമുളക്പൊടി
തയ്യാറാക്കുന്ന വിധം
ഇത് തയ്യാറാക്കാനായി ഒരു കിലോ ചിക്കൻ ആണ് എടുക്കേണ്ടത്, വലിയ കഷണങ്ങൾ ആണ് വേണ്ടത് ഓരോ കഷണങ്ങവും ആദ്യം ഒരു ചപ്പാത്തി റോളർ ഉപയോഗിച്ച് അടിച്ചു സോഫ്റ്റ് ആക്കി എടുക്കണം. ശേഷം ആഴത്തിൽ കത്തി ഉപയോഗിച്ച് വരഞ്ഞു കൊടുക്കാം.
അടുത്തതായി ഒരു മസാലപൊടി തയ്യാറാക്കി എടുക്കാം. അതിനായി ഒരു മിക്സിങ് ബൗളിലേക്ക് ഒന്നര ടേബിൾ സ്പൂൺ മല്ലി ചേർത്ത് കൊടുക്കുക. ഒരു ടീസ്പൂൺ കുരുമുളക്, ഒരു ടീസ്പൂൺ പെരുംജീരകം, ഒരു ടീസ്പൂൺ സാധാരണ ജീരകം, ഒരു ബേ ലീഫ്, 2 ഗ്രാമ്പൂ, 2 ഏലക്കായ, ഒരു ചെറിയ കഷണം കറുവപ്പട്ട എന്നിവയും മൂന്ന് വറ്റൽ മുളകും എടുത്തു ഒരു പാനിലേക്ക് ഇട്ടു നന്നായി ചൂടാക്കി എടുക്കുക. ശേഷം നന്നായി പൊടിച്ചെടുത്ത് മാറ്റാം.
ഒരു മിക്സി ജാർ എടുത്ത് അതിലേക്ക് ഒരു തക്കാളി, പകുതി സവാള, ഏഴ് അല്ലി വെളുത്തുള്ളി, ചെറിയ കഷണം ഇഞ്ചി, കാൽക്കപ്പ് മല്ലിയില, കാൽ കപ്പ് പുതിനയില എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കണം.
ഒരു ബൗളിലേക്ക് മൂന്ന് ടേബിൾസ്പൂൺ തൈര് ചേർത്ത് കൊടുക്കുക, ഇതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന മസാല ചേർത്തുകൊടുക്കാം. ഒന്നര ടീസ്പൂൺ ചെറുനാരങ്ങാനീരും കൂടി ചേർക്കണം, ഒപ്പം അരച്ചുവെച്ചിരിക്കുന്ന ഗ്രീൻ മസാലയും, രണ്ട് ടീസ്പൂൺ കാശ്മീരി ചില്ലി പൗഡറും, അര ടീസ്പൂൺ ഗരം മസാലയും, ഒരു ടേബിൾസ്പൂൺ സൺഫ്ലവർ ഓയിലും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും കൂടെ ചേർക്കാം. എല്ലാം നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം ചിക്കൻ കഷണങ്ങൾ ഇതിലേക്ക് തേച്ചുപിടിപ്പിക്കുക. ശേഷം എട്ടു മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കണം.
ഇനി ഇതിലേക്കായി ഒരു സോസ് തയ്യാറാക്കാം. അതിനായി ഒരു പാനിലേക്ക് രണ്ട് ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ ചേർത്ത് കൊടുത്തു ചൂടാക്കി എടുക്കാം. ശേഷം നാല് ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യാം. അടുത്തതായി ആവശ്യത്തിനുള്ള ഉപ്പ് ഇതിലേക്കു ചേർക്കണം, അടുത്തതായി അഞ്ച് ടീസ്പൂൺ ചില്ലി ഫ്ളക്സ്, ഒരു ടേബിൾസ്പൂൺ നാരങ്ങാ നീരും മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ കശ്മീരി ചില്ലി പൗഡർ എന്നിവയും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു മാറ്റി വെക്കാം.
ഇനി ഒരു പാൻ അടുപ്പിൽ വച്ച് സൺഫ്ലവർ ഓയിൽ ഒഴിച്ച് ചൂടാക്കുക. ചിക്കൻ എടുത്ത് ഇതിലേക്ക് ചേർത്ത് കൊടുത്തു നല്ലതുപോലെ ഫ്രൈ ചെയ്തെടുക്കാം. ചെറിയ തീയിൽ മൂടിവെച്ച് വേണം ഫ്രൈ ചെയ്യാൻ എങ്കിലേ നല്ലതുപോലെ വെന്തു കിട്ടുകയുള്ളൂ. നന്നായി വെന്തു വന്നതിനു ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന സോസ് ഇതിലേക്ക് തേച്ചു പിടിപ്പിക്കണം. ശേഷം വീണ്ടും ഫ്രൈ ചെയ്യണം. അവസാനമായി ചാർക്കോൾ ഉപയോഗിച്ച് ഒന്ന് സ്മോക്ക് കൂടി ചെയ്താൽ റസ്റ്റോറൻറ് കിട്ടുന്ന അതെ രുചിയിൽ അൽഫഹം കിട്ടും.