അമേസിന്റെ ഡിസൈൻ സ്കെച്ചുകൾ പുറത്തുവിട്ട് ഹോണ്ട. പുതിയ മോഡൽ ഉടൻ വിപണിയിലെത്തും. പുതിയ മോഡലിന്റെ ഇന്റീരിയർ, എക്സ്റ്റീരിയർ ഡിസൈൻ സ്കെച്ചുകളാണ് ഹോണ്ട പുറത്തുവിട്ടത്. എസ്‍യുവി എലിവേറ്റിന്റെയും പുതിയ സിറ്റിയുടേയും ഡിസൈൻ എലമെന്റുകൾ അമേസിന്റെ മൂന്നാം തലമുറയിൽ കാണാൻ സാധിക്കും. നേരത്തെ മുൻഭാഗത്തിന്റെ രേഖചിത്രങ്ങളും കമ്പനി പുറത്തിവിട്ടിരുന്നു. എലിവേറ്റിന് സമാനമായ വലിയ ഗ്രില്ലാണ് അമേസിന്. കൺപുരികം പോലുള്ള എൽഇഡി ഡേറ്റൈം റണ്ണിങ് ലാംപുകളും വലുപ്പം കുറഞ്ഞ ഹെഡ്‌ലാംപുകളുമുണ്ട്. ഹെക്സഗണൽ ഗ്രില്ലാണ് വാഹനത്തിന്. ഏറെ മാറ്റങ്ങളുള്ള സ്റ്റൈലൻ ലുക്കുള്ള ബംബറാണ്. ബോൾഡ് ഡിസൈൻ, അത്യാധുനിക സാങ്കേതികവിദ്യ, ഹോണ്ടയുടെ വിശ്വാസ്യത എന്നിവ ചേർന്നതാണ് പുതിയ അമേസ് എന്നാണ് കമ്പനി പറയുന്നത്.
എലിവേറ്റിൽ നിന്ന് തന്നെ പ്രചോദനം ഉൾക്കൊണ്ട ഡാഷ് ബോർഡ് ഡിസൈനാണ്. ഫ്രീ സ്റ്റാൻഡിങ് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവുമുണ്ട്. എച്ച്‌വിഎസി കൺട്രോൾ, സെമ്മി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൾട്ടി ഫങ്ഷണൽ സ്റ്റിയറിങ് വീൽ, സെന്റർ കൺസോൾ, വയർലെസ് ചാർജിങ് പോർട്ട് എന്നിവയ്ക്ക് എലിവേറ്റിനോട് സാമ്യമുണ്ട്. സൺറൂഫ് ഉണ്ടോ എന്ന് വ്യക്തതയില്ലെങ്കിലും സെഗ്മെന്റിൽ ആദ്യമായി എഡിഎസ് ഫീച്ചറുമായി എത്തുന്ന വാഹനമായിരിക്കും അമേസ് എന്നാണ് റിപ്പോർട്ടുകൾ. മൂന്നാം തലമുറയില്‍ എത്തുമ്പോൾ ഏറ്റവും മികച്ച പ്രീമിയം പാക്കേജാണ് ഉപഭോക്താക്കൾക്ക് നൽകുന്നത് എന്ന് ഹോണ്ട അവകാശപ്പെടുന്നു. ഹോണ്ടയുടെ 1.2 ലീറ്റർ പെട്രോൾ എൻജിൻ തന്നെയാണ് പുതിയ മോഡലിലും ഉപയോഗിക്കുക. 5 സ്പീഡ് മാനുവൽ സിവിടി ഗിയർബോക്സുകൾ.