India

12 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു

രണ്ട് ദിവസം മുമ്പ് 23 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടിയിരുന്നു

അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചതിന് 12 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. രണ്ട് ദിവസം മുമ്പ് സമാനമായ സംഭവത്തിൽ 23 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടിയിരുന്നു. മത്സ്യബന്ധനത്തിനായി വള്ളത്തിൽ കടലിൽ പോയ മത്സ്യത്തൊഴിലാളികളെ പരുത്തിത്തുറക്ക് സമീപം ശ്രീലങ്കൻ നാവികസേന വളയുകയായിരുന്നു. ശ്രീലങ്കൻ സമുദ്രാതിർത്തിയുടെ ഭാഗത്തേക്ക് കടന്നതിന് ഇവരെ അറസ്റ്റ് ചെയ്യുകയും പിന്നീട് ബോട്ട് പിടിച്ചെടുക്കുകയുമായിരുന്നു. ഇവരെ ജാഫ്നയിലെ കാങ്കസന്തുറൈ നേവി ക്യാമ്പിലേക്കാണ് കൊണ്ടുപോയത്.

കഴിഞ്ഞ ഞായറാഴ്ച സമുദ്രാതിർത്തി ലംഘിച്ചതിന് രാമനാഥപുരത്ത് നിന്ന് 23 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും അവരുടെ മൂന്ന് ബോട്ടുകൾ പിടികൂടുകയും ചെയ്തിരുന്നു. ഈ മത്സ്യത്തൊഴിലാളികൾ നെടുന്തീവ് ദ്വീപിന് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെ ശ്രീലങ്കൻ നാവികസേനയുടെ ബോട്ട് ഇവരെ വളയുകയായിരുന്നു. ഒക്ടോബറിൽ രാമേശ്വരത്ത് നിന്നുള്ള 16 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തിരുന്നു.