തിരക്കിൽ നിന്ന് ഒഴിഞ്ഞ മനോഹര ഇടം. ഉയരം കൂടുംതോറും കാഴ്ചയുടെ അവിസ്മരണീയ മുഹൂർത്തങ്ങൾ അനുഭവിക്കാൻ ആകുന്ന ഇടം. സഞ്ചാരികൾക്ക് മനോഹരമായ യാത്ര അനുഭവം സമ്മാനിക്കുന്ന ഒരിടം. തിരുവനന്തപുരം വെമ്പായത്തുള്ള തമ്പുരാൻ പാറയാണ് ഓരോ സഞ്ചാരിയെയും സാഹസികതയുടെ ലോകത്തിലേക്ക് ആനയിക്കുന്നത്. ചെങ്കുത്തായ കുന്നുകളും പടവുകളും കയറി, അല്പം ആയാസകരമായ ഒരു യാത്ര. അവിടെ നിങ്ങളെ കാത്ത് കാഴ്ചയുടെ വിസ്മയ ലോകം തന്നെയുണ്ട്. ഏറ്റവും കുറഞ്ഞ വാക്കുകളിൽ തമ്പുരാൻ പാറയിലേക്കുള്ള യാത്രയെ നമുക്ക് ഇങ്ങനെ വിശേഷിപ്പിക്കാം. വെമ്പായത്ത് നിന്ന് മൂന്നാനകുഴിയിലേക്കുള്ള യാത്രയിലാണ് ഈ പാറയുള്ളത്. തമ്പുരാൻ പാറ മാത്രമല്ല ഒരു തമ്പുരാട്ടി പാറയും തൊട്ടടുത്തുണ്ട്. അംഗരക്ഷകരെന്നു വിളിപ്പേരുള്ള തിരുമുറ്റംപാറയും മുത്തിപ്പാറയും കടന്ന് വേണം തമ്പുരാട്ടി പാറയിൽ എത്താൻ. കിടക്കുന്ന ഒരു സ്ത്രീയുടെ ആകൃതിയുള്ളതാണ് തമ്പുരാട്ടി പാറ. ഈ പാറയും കടന്നു വേണം തമ്പുരാൻ പാറയിലെത്താൻ.
സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 700 അടി ഉയരത്തിൽ 17 ഏക്കറോളം ഭൂമിയിൽ ആണ് ഈ രണ്ടു പാറകളും ഉള്ളത്. ഇവയ്ക്കു മുകളിൽ ഒരിക്കലും വറ്റാത്ത ഒരു ഉറവ കൂടിയുണ്ട്. കാലാകാലങ്ങളായി ആരാധന നടത്തിവരുന്ന ഒരു ഗുഹാക്ഷേത്രം ഇവിടെയുണ്ട്. പാറയുടെ മുകളിൽ 15 അടി ഉയരമുള്ള ഒരു ഗണപതി വിഗ്രഹം ഉണ്ട്. തമ്പുരാൻ പാറയുടെ മാറ്റ് കൂട്ടുന്ന മറ്റൊരു കാഴ്ച്ചയാണ് ഈ വിഗ്രഹം. മനോഹരമായ തണുത്ത കാറ്റും, അങ്ങകലെ ദൂരെ കാണാവുന്ന ശംഖുമുഖം കടലിൻ്റെ ദൃശ്യവും ഒക്കെയാണ് തമ്പുരാൻ പാറയുടെ മുകൾവശത്ത് എത്തിയാൽ കാണാനാവുക. ട്രക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് ഉറപ്പായും പോകാൻ പറ്റിയ ഇടമാണ് ഈ പാറ. തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്ററോളം വരും വെമ്പായത്തുള്ള തമ്പുരാൻ പാറയിലേക്ക് എത്താൻ.