പരിപ്പുകൊണ്ട് വളരെ രുചികരമായ ഒരു നാലുമണി പലഹാരം തയ്യാറാക്കാം. അരക്കപ്പ് പരിപ്പ് നന്നായി കഴുകി വൃത്തിയാക്കി അല്പം വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. കുതിർന്നുവന്ന പരിപ്പ് നന്നായി വേവിച്ചെടുക്കുക. കടലപ്പരിപ്പാണ് എടുക്കുന്നതെങ്കിൽ ഒരു മണിക്കൂറെങ്കിലും കുതിർത്തു വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അടുത്തതായി ഒരു പാനിലേക്ക് അല്പം നെയ്യ് ഒഴിച്ച് ഒരുപിടി തേങ്ങയിട്ട് നന്നായി മൂപ്പിച്ച് എടുക്കണം. തേങ്ങയുടെ നിറം മാറി വരുമ്പോൾ വേവിച്ചു മാറ്റിവെച്ച പരിപ്പ് ഇതിലേക്ക് ചേർക്കുക. പരിപ്പളന്ന അതേ അളവിൽ തന്നെ അരക്കപ്പ് ശർക്കര ചേർക്കുക മണത്തിനും രുചികൂട്ടാനുമായി അല്പം ഏലക്കാപൊടി കൂടി ചേർക്കുക. ചെറുചൂടുൽ വേവിക്കുമ്പോൾ തന്നെ ശർക്കര അലിഞ്ഞു തുടങ്ങും. ശർക്കര മുഴുവനായി ഇതിലേക്ക് പിടിക്കുന്നത് വരെ നന്നായി വരട്ടിയെടുക്കുക. തീ ഓഫ് ചെയ്ത് ചൂടാറിയ ശേഷം കുഴച്ച് ഉരുട്ടിയെടുക്കുക. ഇനി ഇത് മുക്കി പൊരിച്ചെടുക്കാനായി കാൽ കപ്പ് മൈദയിലേക്ക് അല്പം ഉപ്പും മഞ്ഞൾ പൊടിയും വെള്ളവും ചേർത്ത് ഒരു മിശ്രിതമുണ്ടാക്കുക. അതിൽ ഈ ഉരുളകൾ മുക്കിയെടുത്ത് പൊരിച്ചെടുക്കുക. എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സുഖിയൻ ഇങ്ങനെയാണ് തയ്യാറാക്കുന്നത്.