സീ പ്ലെയിൻ പദ്ധതിയുമായി മുന്നോട്ട് പോകുന്ന സിപിഎമ്മിനെ രൂക്ഷമായി വിമർശിക്കുകയാണ് പ്രതിപക്ഷനേതാവ്. 2013 ൽ ഉമ്മൻ ചാണ്ടി സർക്കാർ സീ പ്ലെയിൻ കൊണ്ടുവരാൻ പോയപ്പോൾ പ്രതിഷേധിച്ചവർ ആണ് ഇന്ന് സീ പ്ലെയിനിന്റെ പിതാക്കൻമാരായി വരുന്നതെന്നും സതീശൻ പറഞ്ഞു. ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ തൊഴിൽ നഷ്ടമാകും എന്ന് സിപിഎം പറഞ്ഞു. അതേ ആളുകൾ സീ പ്ലെയിനിൽ പോകുന്നു. ഇന്നിപ്പോൾ ഒരു നാണവുമില്ലാതെ പ്ലെയിനിൽ കയറി കൈവീശിക്കാണിക്കുകയാണ് മന്ത്രിമാർ എന്നും വി.ഡി.സതീശൻ രൂക്ഷമായി വിമർശിച്ചു. പരീക്ഷണപ്പറക്കലിന് മുന്നോടിയായി മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി. രാജീവ് എന്നിവരെയും വഹിച്ച് ജലവിമാനം കൊച്ചി കായലിന് മുകളിലൂടെ പറന്നിരുന്നു.