നാലു വർഷ ബിരുദ കോഴ്‌സിന്റെ ഭാഗമായി പരീക്ഷാ ഫീസ് വർധിപ്പിച്ച കേരള സർവ്വകലാശാലയുടെ നടപടിയിൽ സർവകലാശാലാ ആസ്ഥാനത്ത് കെ എസ് യുവിന്റെ പ്രതിഷേധം.
കൂട്ടിയ ഫീസ് കുറയ്ക്കണമെന്നായിരുന്നു കെ എസ് യു പ്രവർത്തകരുടെ ആവശ്യം.
ഇത് സംബന്ധിച്ച് വൈസ് ചാൻസലർക്ക് നിവേദനം നൽകാനാണ് കെ എസ് യു പ്രവർത്തകർ പാളയത്തെ സർവകാലശാലാ ആസ്ഥാനത്ത് എത്തിയത്.
എന്നാൽ പോലീസ് കെ എസ് യു പ്രവർത്തകരെ തടയുകയും പ്രതിഷേധമുണ്ടാവുകയുമായിരുന്നു.
മുദ്രാവാക്യം വിളികളുമായി സർവകലാശാലയ്ക്കുള്ളിലേക്ക് കയറാൻ ശ്രമിച്ച കെ എസ് യു പ്രവർത്തകരെ പോലീസ് തടഞ്ഞതിനെതുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷവും വാക്കേറ്റവും ഉണ്ടായി.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് പോലീസ് വിദ്യാർത്ഥികളെ ബലംപ്രയോഗിച്ച് നീക്കി.