മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണശീലവും എല്ലാം മനുഷ്യനെ നാള്‍ക്കു നാള്‍ രോഗികളാക്കിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയില്‍ നിന്ന് പ്രതിരോധം തീര്‍ക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും യോഗ നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. പലപ്പോഴും ആരോഗ്യമെന്ന വെല്ലുവിളിയെ ഗുണപ്രദമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് യോഗ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. നമ്മുടെ ജീവിത ശൈലിയുടെ ഭാഗം കൂടിയാണ് യോഗ. അതുകൊണ്ട് തന്നെ സ്ഥിരമായി യോഗ ചെയ്യുന്നത് വഴി ശാരീരിക-മാനസികാരോഗ്യം മെച്ചപ്പെടുന്നു.
അതോടൊപ്പം ഇന്നത്തെ കാലത്ത് എല്ലാവരേയും ബുദ്ധിമുട്ടിലാക്കുന്ന ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും സാധിക്കുന്നു എന്നാണ് പറയുന്നത്. അമിതവണ്ണം ഉള്‍പ്പടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ യോഗ സഹായകമാണ്. പലപ്പോഴും അമിതവണ്ണം പോലുള്ള അവസ്ഥകള്‍ ഇന്നത്തെ കാലത്ത് കൂടുതലായി കണ്ട് വരുന്നുണ്ട്. ജീവിത ശൈലിയിലെ മാറ്റവും, ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ മൂലവും, ചിലരില്‍ പാരമ്പര്യമായും ഇത്തരത്തില്‍ അമിതവണ്ണം ഉണ്ടാവാം.
അമിതവണ്ണത്തെ ചെറുക്കാന്‍ യോഗ ചെയ്യുന്നവര്‍ പെട്ടെന്ന് ഫലം ലഭിക്കില്ല, കാരണം മറ്റ് വ്യായാമങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ യോഗ ചെയ്ത് ശരീര ഭാരം കുറക്കാന്‍ അല്‍പം കൂടുതല്‍ സമയമെടുക്കുന്നു. എന്നാല്‍ അതിന് സ്ഥിരത കൂടുതലായിരിക്കും. മാത്രമല്ല ഓരോ വ്യക്തിയുടെ ശാരീരിക പ്രത്യേകതകള്‍ അനുസരിച്ചാണ് അമിതവണ്ണത്തെ കുറക്കുന്നതിന് എടുക്കുന്ന കാലാവധി. കാരണം ഇവരില്‍ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളോ ഹോര്‍മോണ്‍ തകരാറുകളോ ഉണ്ടെങ്കില്‍ അതിനനുസരിച്ചുള്ള സമയവും ആവശ്യമായി വന്നേക്കാം.
ലളിതമായ യോഗാസനങ്ങള്‍ വേണം ആദ്യ ഘട്ടത്തില്‍ യോഗ തുടങ്ങുന്ന ഒരു വ്യക്തി ചെയ്യുന്നത്. പലപ്പോഴും പ്രാണായാമം പോലുള്ളവയാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നതും. കൂടാതെ പേശികള്‍ക്ക് അയവ് വരുത്തുന്നതിന് വേണ്ടിയുള്ള തരത്തിലുള്ള വ്യായാമങ്ങളും തുടക്ക സമയം ചെയ്യാവുന്നതാണ്. അതിന് ശേഷം മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയുള്ളൂ. ആഹാര രീതിയുടെ കാര്യത്തിലും യോഗയില്‍ പ്രത്യേകിച്ച് നിബന്ധനകള്‍ ഇല്ല. എങ്കിലും ലളിതമായ ആഹാരരീതിയില്‍ മുന്നോട്ട് പോയാല്‍ അത് കൂടുതല്‍ ഫലം നല്‍കുന്നു.
എപ്പോഴും യോഗ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത് വെറും വയറ്റില്‍ ആണ് യോഗ ചെയ്യേണ്ടത് എന്നതാണ്. വൈകുന്നേരങ്ങളിലാണ് യോഗ ചെയ്യുന്നതെങ്കില്‍ ആഹാരം കഴിച്ച് രണ്ടര-മൂന്ന് മണിക്കൂറിന് ശേഷം മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ. യോഗയില്‍ വിവിധ തരത്തിലുള്ള ആസനങ്ങള്‍ ചെയ്യുന്നത് വഴി ഒരു വ്യക്തിയുടെ ആരോഗ്യത്തില്‍ മാറ്റം വരുന്നു. ശാരീരികവും മാനസികവുമായ മാറ്റങ്ങളിലേക്കാണ് ഇത് നയിക്കുന്നത്. കൂടാതെ പ്രാണായാമം, മെഡിറ്റേഷന്‍ പോലുള്ളവ ശാരീരികമായും മാനസികമായും കൂടുതല്‍ ഗുണപ്രദമായ ഫലങ്ങള്‍ നല്‍കും.