പാലക്കാട് ജില്ലയിൽ നെല്ലിയാമ്പതി മലനിരകളിലായി സ്ഥിതിചെയ്യുന്ന കുഞ്ഞുസ്ഥലമാണ് കേശവൻപാറ. വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമാണ് ഇവിടം. ഈ മനോഹര സ്ഥലത്ത് എത്താൻ കാടിനുള്ളിലൂടെ അല്പം നടക്കാനുണ്ട്. നടന്നുനടന്ന് ഉള്ളിലെത്തിക്കഴിഞ്ഞാൽ വിശാലമായി പരന്നുകിടക്കുന്ന പാറ. പ്രായമായവർക്ക് പോലും ഉഷാറായി പാറപ്പുറത്തേക്ക് ചാടിക്കയറാൻ കഴിയും. ഇവിടെ നിന്നും നോക്കിയാൽ താഴെയുള്ള മനോഹരമായ താഴ്വരകൾ കാണാം. കുറച്ചകലെയായി പോത്തുണ്ടി ഡാമിന്റെ റിസർവോയറും കാണാൻ സാധിക്കും. കുറച്ചുനേരം വീശിയടിക്കുന്ന കാറ്റിന്റെ തലോടലേറ്റ് പാറപ്പുറത്ത് അങ്ങനെ ഇരുന്നാൽ മനസ്സിന് നല്ല കുളിർമ ലഭിക്കും. ഏതോ ചിത്രകാരൻ അതിമനോഹരമായി വരച്ചുവച്ചതുപോലെയാണ് ദൂരേക്ക് നോക്കുമ്പോൾ ഉള്ള കാഴ്ച.
നെന്മാറയിൽ നിന്ന് 30 കിലോമീറ്റർ ദൂരത്തിലാണ് കേശവൻപാറ സ്ഥിതി ചെയ്യുന്നത്. നെന്മാറ വഴി മാത്രമേ ഇവിടേക്ക് എത്തിച്ചേരാൻ കഴിയൂ. നെന്മാറയിൽ നിന്ന് കൈകാട്ടി വഴി 26 കിലോ മീറ്റർ ദൂരം സഞ്ചരിച്ചാൽ കേശവൻപാറയിൽ എത്തിച്ചേരാം. 9 കിലോമീറ്റർ ദൂരത്തിലായി പോത്തുണ്ടി ഡാമും ഉണ്ട്.