കേരളത്തിലെ ടൂറിസം വികസന സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിയ സീപ്ലെയിന്‍ പദ്ധതി അനാവശ്യ വാദഗതികള്‍ ഉയര്‍ത്തി അതിന് തടസ്സം നിന്നത് എല്‍ഡിഎഫ് ആയിരുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. 12 വര്‍ഷങ്ങള്‍ക്ക് മുമ്പേ യാഥാര്‍ത്ഥ്യമാക്കേണ്ട ഒരു പദ്ധതിയെ പിന്നോട്ട് അടിച്ചതും എല്‍ഡിഎഫിന്റെ തലതിരിഞ്ഞ വികസന കാഴ്ചപ്പാട് ആയിരുന്നു. സിപിഎം പത്തുകൊല്ലം പിറകോട്ടാണ് സഞ്ചരിക്കുന്നത്. എല്ലാരും മുന്നോട്ട് സഞ്ചരിക്കുമ്പോള്‍ സിപിഎം പിറകോട്ടാണ് സഞ്ചരിക്കുന്നത്. 2004 സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രിയായിരിക്കെ താന്‍ ദുബായില്‍ സീ പ്ലെയിനില്‍ സഞ്ചരിച്ചപ്പോള്‍ തോന്നിയ ആശയമായിരുന്നിത്.കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമാണെന്നും വിനോദസഞ്ചാരത്തെ പോഷിപ്പിക്കുമെന്നും മനസ്സിലാക്കി കേരളത്തില്‍ കൊണ്ടുവരാന്‍ പദ്ധതിയിട്ടത്.എന്നാല്‍ തുടര്‍ന്ന വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. അടുത്ത യുഡിഎഫ് ഭരണകാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ടൂറിസം മന്ത്രി എ.പി അനില്‍കുമാറിന്റെയും ഇച്ഛാശക്തിയില്‍ ആ പദ്ധതി യാഥാര്‍ത്ഥ്യമായി. എന്നാല്‍ മത്സ്യത്തൊഴിലാളികളെ ചാവേറുകളായി മുന്‍ നിര്‍ത്തി എല്‍ഡിഎഫ് ഈ പദ്ധതിയെ അട്ടിമറിക്കുക ആയിരുന്നയെന്നും അവര്‍ക്ക് ഇപ്പോഴെങ്കിലും വൈകിയുദിച്ച ബുദ്ധിക്ക് നന്ദിയെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര, പാലക്കാട് എന്നീ മൂന്നിടത്തും യുഡിഎഫ് വന്‍വിജയം നേടും. പ്രിയങ്കാ ഗാന്ധിയുടേത് റിക്കാര്‍ഡ് ഭൂരിപക്ഷമായിരിക്കും. പാലക്കാടും ചേലക്കരയിലും ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. പാലക്കാട് എല്‍ഡിഎഫിനും ബിജെപിക്കും എതിരെയാണ് യുഡിഎഫിന്റെ മത്സരം. കോണ്‍ഗ്രസിനെ പരാജപ്പെടുത്താന്‍ സിപിഎമ്മും ബിജെപിയും സംയുക്തമായിട്ടാണ് മത്സരിക്കുന്നത്. അത് പെട്ടിവിവാദത്തില്‍ നാം കാണ്ടതാണ്. പാലക്കാടും ചേലക്കരയിലും ഭരണവിരുദ്ധ വികാരം ശക്തമാണ്.
മുനമ്പം വിഷയത്തില്‍ ശാശ്വത പരിഹാരം സര്‍ക്കാര്‍ കാണണം.മുനമ്പം വിഷയത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനുള്ള സൗകര്യമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കുടിയിറക്കല്‍ ഭീഷണി നേരിടുന്ന അന്തേവാസികളുടെ ആശങ്ക പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ മനപൂര്‍വ്വമായ കാലതാമസം വരുത്തി. സംഘപരിവാറിന് വിഷലിപ്തമായ വര്‍ഗീയ ധ്രുവീകരണത്തിലൂടെ രണ്ട് സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തു.വര്‍ഗീയ ശക്തികള്‍ക്ക് എല്ലാ ആയുധവം നല്‍കുകയാണ് മുഖ്യമന്ത്രിയെന്നും വേണുഗോപാല്‍ പറഞ്ഞു.