ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ കഠിനപ്രയത്നം ചെയ്യുന്നത് പോലെ തന്നെ കണ്ണുകളുടെ യുവത്വം നിലനിർത്താൻ നല്ല പരിപാലനം ആവശ്യമാണ്. അതിനായി ഭക്ഷണ കാര്യത്തിൽ ശ്രദ്ദവേണം. അത്തരത്തിൽ കണ്ണിന്റെ കാഴ്ച ശക്തി നിലനിർത്താൻ സഹായിക്കുന്ന കുറച്ച് ആഹാരങ്ങൾ പരിചയപ്പെടാം. കാരറ്റ് പച്ചയ്ക്ക് കഴിക്കുന്നത് കണ്ണുകൾക്ക് വളരെ നല്ലതാണ്. കാരറ്റിൽ അടങ്ങിയ ബീറ്റാ കരോട്ടിൻ വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യുന്നു. വിറ്റാമിൻ എ നിങ്ങളുടെ കണ്ണിൻ്റെ അംഗരക്ഷകനെപ്പോലെയാണ്, കോർണിയയെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. ചൂര, മത്തി, അയല പോലെ ഒമേഗ 3 ധാരാളം അടങ്ങിയ മത്സ്യങ്ങൾ കഴിക്കുക. ഇത് കണ്ണുകളിൽ അസുഖങ്ങൾ വരാതെ സംരക്ഷിക്കാൻ സഹായിക്കും. ഇലക്കറികളും ധാരാളമായി കഴിക്കുക. ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ ആന്റി ഓക്സിഡന്റുകൾ ധാരളം ഇവയിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ കണ്ണുകളെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും സംരക്ഷിച്ച് നിർത്തുന്നു. പ്രോട്ടീൻ ലഭിക്കാൻ മാത്രമല്ല, കണ്ണുകളുടെ ആരോഗ്യം പരിപാലിക്കുന്നതിനും മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്. മുട്ടയിൽ സിയസാന്തിൻ, ആന്റിഓക്‌സിഡന്റ്‌സ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ കണ്ണിലെ റെറ്റിനയുടെ ആരോഗ്യം പരിപാലിക്കാൻ വളരെ നല്ലതാണ്. ഓറഞ്ച്, മുന്തിരിപ്പഴം, നാരങ്ങകൾ തുടങ്ങിയ സിട്രിസ് പഴങ്ങളും കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ബദാം, കശുവണ്ടി, പിസ്ത, അതുപോലെ, മത്തന്റെ വിത്ത് എന്നിവയെല്ലാം ആഹാരത്തിൽ ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ഇവയിൽ ഒമേഗ-3 ഫാറ്റി ആസിഡ്, അതുപോലെ, വിറ്റമിൻ ഇ എന്നിവ അടങ്ങിയിരിക്കുന്നു. ഇത്തരത്തിൽ ആരോഗ്യത്തിന് അനുയോജ്യമായ ഭക്ഷണം തിരഞ്ഞെടുക്കുന്നത് കണ്ണുകൾക്ക് മാത്രമല്ല നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ്.