മുഖക്കുരു മാറിയാലും അതിനൊപ്പം വന്ന കറുത്ത പാടുകൾ മങ്ങുന്നില്ലേ?. ചർമ്മത്തിലെ ടാൻ അകറ്റാനുള്ള ശ്രമം വിഫലമായോ?. എങ്കിൽ അടുക്കളയിൽ നോക്കൂ, പരിഹാരം ഒളിഞ്ഞിരിപ്പുണ്ട്. കറികളിലെ രുചി കൂട്ടുന്നതിനൊപ്പം ചർമ്മ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായകരമായ ചേരുവകൾ വീട്ടിൽ തന്നെയുണ്ട്. പപ്പായ, തക്കാളി, തൈര്, പഴം, തേൻ, പാൽ എന്നിവയൊക്കെ ചർമ്മ സംരക്ഷണത്തിന് ഏറെക്കാലമായി ഉപയോഗത്തിലുണ്ട്.
കോശങ്ങളുടെ പ്രവർത്തനത്തിനും, മൃതചർമ്മം നീക്കം ചെയ്യുന്നതിനും ഗുണകരമായ ധാരാളം പോഷകങ്ങൾ ഇത്തരം ചേരുവകളിൽ ഉണ്ട്. ഇവ ഉപയോഗിച്ച് വ്യത്യസ്ത ഫെയ്സ് മാസ്ക്കുകൾ ട്രൈ ചെയ്യൂ.
ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലിലേക്ക് ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ പാലും ചേർത്തിളക്കി യോജിപ്പിച്ചോളൂ. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റ് വിശ്രമിക്കുക. തുടർന്ന് കഴുകി കളയാം.
തക്കാളി ഉടച്ചെടുത്തതിലേക്ക് അര ടീസ്പൂൺ തേനും ഒരു നുള്ള് കസ്തൂരി മഞ്ഞൾ പൊടിച്ചതും ചേർത്തിളക്കി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകാം.
രണ്ട് ടീസ്പൂൺ തൈരിലേക്ക് ഒരു ടീസ്പൂൺ തേനും നാരങ്ങാ നീരും ചേർത്തിളക്കി യോജിപ്പിച്ച് മുഖത്ത് പുരട്ടിക്കോളൂ. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകൾ അകറ്റാൻ സഹായിക്കും.
അര കപ്പ് പപ്പായ അരച്ചെടുക്കാം. അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ ചേർത്തിളക്കി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടുക. പത്ത് മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം.
പഴുത്ത പഴത്തിൻ്റെ പകുതി ഉടച്ചെടുക്കാം. അതിലേക്ക് ഒരു ടീസ്പൂൺ പാലും, ഒരു ടീസ്പൂൺ തേനും ചേർത്തിളക്കി യോജിപ്പിക്കൂ. ഈ മിശ്രിതം മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്തോളൂ. 20 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകാം.